മണ്ഡല പരിചയം -പാലക്കാട്: പാലം കടക്കുമോ അതോ വീഴുമോ
text_fieldsപാലക്കാട്: പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. ഇടതിനും യു.ഡി.എഫിനും എൻ.ഡി.എക്കും ഒരുപോലെ പ്രതീക്ഷകൾ നൽകിയിട്ടുള്ള മണ്ഡലമെന്ന വിശേഷണമാവും പാലക്കാടിന് അനുയോജ്യം. മുഖ്യധാര പാർട്ടികളോട് എക്കാലവും വിശ്വസ്തത പുലർത്തുന്ന വോട്ടുബാങ്കുകളും ശക്തമായ ത്രികോണമത്സരവും മിക്ക തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭ മണ്ഡലത്തിെൻറ ഫലം പ്രവചനാതീതമാക്കാറുണ്ട്.
പാലക്കാട് നിയമസഭ മണ്ഡലത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുടർച്ചയായി ഭരിച്ച നേതാവാണ് സി.എം. സുന്ദരം. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്ന് പിൽക്കാലത്ത് കോൺഗ്രസിലെത്തിയ സി.എം. സുന്ദരം 1977 മുതല് 1991 വരെ തുടർച്ചയായി അഞ്ചുതവണ പാലക്കാട് നിയമസഭ സീറ്റിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
1996ൽ വീണ്ടും കളത്തിലിറങ്ങിയ സി.എം. സുന്ദരത്തിന് സി.പി.എമ്മിെൻറ ടി.കെ. നൗഷാദ് ഉയർത്തിയ പ്രതിരോധത്തെ മറികടക്കാനായില്ല. 1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ 11കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പൊലീസ് വെടിവെപ്പടക്കം വിഷയങ്ങൾ കൊണ്ടുപിടിച്ച് ചർച്ചയായ കാലത്ത് സി.പി.എം കളമറിഞ്ഞ് കളിച്ചപ്പോൾ േകാൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി.എം. സുന്ദരം നൗഷാദിനോട് തോറ്റത് 596 വോട്ടിന്. തുടർന്ന് 2001ൽ പ്രമുഖ കോൺഗ്രസ് നേതാവായ കെ. ശങ്കരനാരായണൻ മണ്ഡലം യു.ഡി.എഫിെനാപ്പമെത്തിച്ചു.
2006ൽ വീണ്ടും സി.പി.എം കെ.കെ. ദിവാകരനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചപ്പോള് 2011ൽ കോൺഗ്രസിലെ യുവനേതാവ് ഷാഫി പറമ്പിൽ മണ്ഡലം വീണ്ടും വലത്തോട്ട് കൊണ്ടുപോയി. 2016ൽ രണ്ടാംതവണ ഷാഫി പറമ്പിൽ മത്സരത്തിനിറങ്ങിയപ്പോൾ മുൻ എം.പി എൻ.എൻ. കൃഷ്ണദാസിനെ ഇറക്കിയായിരുന്നു സി.പി.എം നേരിട്ടത്. ബി.ജെ.പിയാകെട്ട ശോഭ സുരേന്ദ്രനും സീറ്റ് നൽകി.
ജനവിധി അത്തവണയും ഷാഫിക്കൊപ്പം നിന്നപ്പോൾ 41.7 ശതമാനമായിരുന്നു യു.ഡി.എഫിെൻറ വോട്ടുവിഹിതം. ബി.ജെ.പിയാകെട്ട 2011ൽ 19.86 ശതമാനമായിരുന്ന വോട്ടുവിഹിതം 29.08 ആയി ഉയർത്തി. 32.85 ശതമാനമുണ്ടായിരുന്ന സി.പി.എം 28.07 ശതമാനത്തിലേക്ക് കുറയുന്നതും ഇൗ തെരഞ്ഞെടുപ്പിലെ പ്രത്യേകതയായിരുന്നു.
ജില്ലയിൽ ബി.ജെ.പി കാര്യമായ പ്രതീക്ഷ െവച്ചുപുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ലോക്സഭ െതരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മണ്ഡലത്തിൽ 21.26 ശതമാനം വോട്ട് നേടാനായി. പാലക്കാട് നഗസഭയിലടക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായ നേട്ടം നിയമസഭ തെരഞ്ഞെടുപ്പിന് ഇറങ്ങുേമ്പാൾ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
സംസ്ഥാന സർക്കാറിെൻറ അഞ്ചുവർഷത്തെ വികസനനേട്ടം തന്നെയാവും ഇക്കുറി പ്രധാന പ്രചാരണ ആയുധമെന്ന് എൽ.ഡി.എഫ് ക്യാമ്പ് വ്യക്തമാക്കിക്കഴിഞ്ഞു. മാറിയ സാഹചര്യത്തിൽ പാലക്കാട് ഇടതിനൊപ്പം നിൽക്കുമെന്ന് തന്നെയാണ് എൽ.ഡി.എഫ് ക്യാമ്പിെൻറ പ്രതീക്ഷ. കഴിഞ്ഞ രണ്ടുതവണയും ആവർത്തിക്കാനായ നേട്ടം തുടരുമെന്നും മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഷാഫി പറമ്പിലിെൻറ ജനകീയതക്കൊപ്പം ജനകീയ പ്രകടനപത്രിക കൂടെ ചേർത്തുെവക്കുന്നതോടെ മണ്ഡലം തങ്ങൾക്കൊപ്പം തുടരുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
പാലക്കാട് നിയമസഭ മണ്ഡല ചരിത്രം
2011 നിയമസഭ
ഷാഫി പറമ്പിൽ
(കോൺ.)- 47,641
കെ.കെ. ദിവാകരൻ
(സി.പി.എം)- 40,238
സി. ഉദയഭാസ്കർ
(ബി.ജെ.പി)- 22,317
2016 നിയമസഭ തെരഞ്ഞെടുപ്പ്
ഷാഫി പറമ്പിൽ (കോൺ.)- 57,559
ശോഭ സുേരന്ദ്രൻ
(ബി.ജെ.പി)- 40,076
എൻ.എൻ. കൃഷ്ണദാസ്
(സി.പി.എം)- 38,675
2014 ലോക്സഭ തെരഞ്ഞെടുപ്പ്
എം.ബി. രാജേഷ്
(സി.പി.എം)- 45,861
എം.പി. വീരേന്ദ്രകുമാർ (സോഷ്യലിസ്റ്റ് ജനതാദൾ)- 37,692
ശോഭ സുരേന്ദ്രൻ
(ബി.ജെ.പി)- 25,892
2019 ലോക്സഭ
വി.കെ. ശ്രീകണ്ഠൻ
(യു.ഡി.എഫ്)- 48,425
എം.ബി. രാജേഷ്
(സി.പി.എം)- 44,086
സി. കൃഷ്ണകുമാർ
(ബി.ജെ.പി)- 39,963
2020 തദ്ദേശ തെരഞ്ഞെടുപ്പ്
പാലക്കാട് നഗരസഭ
ബി.ജെ.പി: 28
യു.ഡി.എഫ്: 12
എൽ.ഡി.എഫ്: 06
മറ്റുള്ളവർ: 06
പിരായിരി പഞ്ചായത്ത്
യു.ഡി.എഫ്: 10
എൽ.ഡി.എഫ്: 05
എൻ.ഡി.എ: 03
മറ്റുള്ളവർ: 03
കണ്ണാടി പഞ്ചായത്ത്
എൽ.ഡി.എഫ്: 08
യു.ഡി.എഫ്: 03
എൻ.ഡി.എ: 0
മറ്റുള്ളവർ: 04
മാത്തൂർ പഞ്ചായത്ത്
യു.ഡി.എഫ്: 08
എൽ.ഡി.എഫ്: 07
എൻ.ഡി.എ: 01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

