കുന്ദമംഗലം: മാറാനും മറിയാനും മടിയില്ലാത്ത മണ്ഡലം
text_fieldsകോഴിക്കോട്: മാറി മറയലാണ് കുന്ദമംഗലം നിയോജകമണ്ഡലത്തിെൻറ പ്രകൃതം. പിടിച്ചെടുക്കുന്നവർ വീണ്ടും വീണ്ടും ൈകയടക്കിവെക്കുന്ന ചരിത്രവും മണ്ഡലത്തിനുണ്ട്.
ഒരിക്കൽ ജയിച്ചവർ രണ്ടും മൂന്നും തവണ ജയമാവർത്തിക്കും. കൊടുവള്ളി അതിർത്തിയിൽനിന്ന് തുടങ്ങി നഗരത്തിെൻറ ഭാഗമായ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകൾവരെ നീണ്ടുകിടക്കുന്ന വിശാലമായ ഭൂപ്രദേശമുൾക്കൊള്ളുന്നതാണ് മണ്ഡലം.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായിരുന്നു കൊടുവള്ളിയിൽ നിന്ന് കുന്ദമംഗലം മണ്ഡലത്തിലേക്കുള്ള പി.ടി.എ റഹീമിെൻറ മാറ്റം. നേരേത്ത മുസ്ലിംലീഗിെൻറ ശക്തനായ നേതാവായിരുന്ന റഹീം 2006ൽ കൊടുവള്ളിയിൽ എൽ.ഡി.എഫ് പാളയത്തിെൻറ ഭാഗമായി മത്സരിച്ച് ലീഗ് കോട്ട പൊളിച്ചടുക്കി.
2011ലാവട്ടെ കുന്ദമംഗലം പിടിച്ചടക്കലായിരുന്നു റഹീമിെൻറ ദൗത്യം. 2001ലും 2006ലും യു.സി. രാമനിലൂടെ ലീഗ് ജയിച്ചടക്കിയ കുന്ദമംഗലത്തെ ഇടത്തോട്ട് തിരിക്കാൻ റഹീമിന് കഴിഞ്ഞു. 2016ലും റഹീം കുന്ദമംഗലത്ത് പിടിവിട്ടില്ല. എതിർ സ്ഥാനാർഥി കോൺഗ്രസിലെ ടി.സിദ്ദീഖ് ആയിരുന്നു. ആദ്യം രാമനെയും (3267 വോട്ടിന്) പിന്നീട് സിദ്ദീഖിനെയും (11205 വോട്ടിന്) റഹീം മുട്ടുകുത്തിച്ചു.
മൂന്നാംതവണയും പി.ടി.എ. റഹീം തന്നെയാവും കുന്ദമംഗലത്തെ ഇടതു സ്ഥാനാർഥി എന്നാണ് വ്യക്തമായ സൂചന. മറ്റൊരു സ്ഥാനാർഥിയെ കുറിച്ച് എൽ.ഡി.എഫ് സൂചന നൽകുന്നില്ല. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയെ കുന്ദമംഗലത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് സി.പി.എമ്മിൽ നേരേത്ത ചർച്ച നടന്നിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് നൽകിയ സീറ്റ് ഇത്തവണ ലീഗ് തിരിച്ചുവാങ്ങുന്നതിനെ കുറിച്ച ചർച്ചകൾ നടക്കുകയാണ്.
ലീഗിന് സീറ്റ് കിട്ടുകയാണെങ്കിൽ പ്രാദേശികമായി മൂന്നുപേരാണ് പരിഗണനയിൽ. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഖാലിദ് കിളിമുണ്ട, ജില്ല ലീഗ് വൈസ് പ്രസിഡൻറ് കെ.എ. ഖാദർ മാസ്റ്റർ എന്നിവർ. ഖാലിദ് കിളിമുണ്ട പൊതുസമ്മതനാണെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപടി നേരിടുന്ന സ്ഥിതിക്ക് സാധ്യത കുറവാണ്.
പി.കെ. ഫിറോസ് മലപ്പുറം ജില്ലയിലെ സുരക്ഷിത മണ്ഡലമാണ് നോക്കുന്നത്. പിന്നെ ഖാദർ മാസ്റ്റർക്കാണ് സാധ്യത. മുസ്ലിംലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർക്കും യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരത്തിനും ഈ മണ്ഡലം നൽകുന്നതിനെ കുറിച്ചുള്ള ആലോചനയും സജീവമാണ്.
തകർക്കാൻ പറ്റുന്ന കുത്തക
മണ്ഡലത്തിെൻറ കുത്തക അവകാശപ്പെടാവുന്ന പാർട്ടികളുണ്ടങ്കിലും ആർക്കും തകർക്കാനാകാത്തത്ര കോട്ടയൊന്നുമല്ല കുന്ദമംഗലം. സി.പി.എമ്മും മുസ്ലിം ലീഗുമാണ് മണ്ഡലത്തിലെ കുത്തകപാർട്ടികൾ. കോൺഗ്രസും ബി.ജെ.പിയും ശക്തിയുടെ കാര്യത്തിൽ ബലാബലത്തിലാണ്.
വെൽഫെയർ പാർട്ടിക്ക് മണ്ഡലത്തിൽ സ്വാധീനശക്തിയാവാനുള്ള ശേഷിയുണ്ട്. സമസ്ത ഇ.കെ വിഭാഗത്തിനും കാന്തപുരം സുന്നി ഗ്രൂപ്പിനും ശ്രദ്ധേയമായ സ്വാധീനമുണ്ട്. കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകൾ ഹൈന്ദവവിഭാഗത്തിലെ മേൽജാതിക്കാർക്ക് സ്വാധീനമുള്ള മേഖല കൂടിയാണ്. പിന്നാക്കവിഭാഗങ്ങളുടെ നിരവധി കോളനികളും മേഖലയിലുണ്ട്.
കോൺഗ്രസ്, മുസ്ലിംലീഗ്, അഖിലേന്ത്യലീഗ്, സി.പി.എം, ജോർജ് ഫർണാണ്ടസിെൻറ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി) എന്നീ പാർട്ടികളെ ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
കുന്ദമംഗലം, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ എന്നീ ആറ് പഞ്ചായത്തുകളാണ് കുന്ദമംഗലം നിയോജക മണ്ഡലത്തിലുള്ളത്.
2011നുമുമ്പ് മുക്കം, കുരുവട്ടൂർ പഞ്ചായത്തുകൾ കുന്ദമംഗലം മണ്ഡലത്തിലായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായിരുന്ന കുന്ദമംഗലം 2011 മുതൽ ജനറൽ വിഭാഗത്തിലേക്ക് മാറി. ജില്ലയിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുള്ള മണ്ഡലമാണ് കുന്ദമംഗലം. 2011ലും 16ലും സി.കെ. പത്മനാഭനായിരുന്നു സ്ഥാനാർഥി. 2011ൽ 17123 വോട്ട് നേടിയ പത്മനാഭൻ 2016ൽ 32702 വോട്ട് നേടി.
ഇത്തവണ ബി.ജെ.പി വോട്ട് ഇനിയും വർധിപ്പിച്ചാൽ അത് ആരെ ബാധിക്കുമെന്നത് ചർച്ചയാണ്. ഇത്തവണയും സംസ്ഥാനതലത്തിലുള്ള നേതാവിനെ തന്നെയാവും ബി.ജെ.പി കുന്ദമംഗലത്ത് മത്സരിപ്പിക്കുക എന്നാണ് പാർട്ടി നൽകുന്ന സൂചന.
വികസനം, വിവാദം
മുൻകാലങ്ങളെ അപേക്ഷിച്ച് കുന്ദമംഗലത്ത് കഴിഞ്ഞ 10 വർഷം വലിയതോതിലുള്ള വികസനം നടന്നു. കിഫ്ബിയുൾപ്പെടെ 1000 കോടിയുടെ വികസനമാണ് പി.ടി.എ റഹീം എം.എൽ.എ അവകാശപ്പെടുന്നത്.
ഈ വികസനം മുന്നോട്ടുവെച്ചാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. എൽ.ഡി.എഫിനെതിരായ വലിയ വിഷയങ്ങളും മണ്ഡലത്തിലുണ്ട്. പന്തീരാങ്കാവിലെ അലൻ, താഹ യു.എ.പി.എ കേസ് വിവാദം ഏറ്റവും പ്രധാനമാണ്. മുസ്ലിം ലീഗിന് നല്ല സ്വാധീനമുള്ള കുന്ദമംഗലം പഞ്ചായത്തിൽ പാർട്ടി വലിയതോതിലള്ള ശൈഥില്യം നേരിടുകയാണ്. പഞ്ചായത്ത് ഭരണനഷ്ടത്തിൽവരെ കാര്യങ്ങളെത്തി.
മാവൂർ പഞ്ചായത്ത് കഴിഞ്ഞ രണ്ടുതവണ എൽ.ഡി.എഫിന് നഷ്ടമായിട്ടുണ്ട്. സി.പി.എമ്മിെൻറ പഴഞ്ചൻ പാർട്ടിനിലപാടുകളാണ് കാരണമായതെന്നാണ് വിലയിരുത്തൽ. അതേസമയം തിരുത്തായി പാർട്ടിയിൽ നവീകരണം നടക്കുന്നുണ്ട്.
എം.എൽ.എമാർ ഇതുവരെ
1957 ലീല ദാമോദര മേനോൻ -ഐ.എൻ.സി
1960 ലീല ദാമോദര മേനോൻ -ഐ.എൻ.സി
1965 വി. കുട്ടികൃഷ്ണൻ നായർ -എസ്.എസ്.പി
1967 വി.കെ. നായർ എസ്.എസ്.പി
1970 പി.വി.എസ്.എം പൂക്കോയ തങ്ങൾ -എം.യു.എൽ
1977 കെ.പി. രാമൻ -എം.എൽ.ഒ (മുസ്ലിംലീഗ് ഓപോസിഷൻ)
1980 കെ.പി. രാമൻ -ഐ.എം.എൽ
1982 കെ.പി രാമൻ -ഐ.എം.എൽ
1987 സി.പി. ബാലൻ വൈദ്യർ -സി.പി.എം
1991 സി.പി. ബാലൻ വൈദ്യർ -സി.പി.എം
1996 സി.പി. ബാലൻ വൈദ്യർ സി.പി.എം
2001 യു.സി. രാമൻ (മുസ്ലിംലീഗ് സ്വതന്ത്രൻ)
2006 യു.സി. രാമൻ (മുസ്ലിം ലീഗ് സ്വതന്ത്രൻ)
2011 പി.ടി.എ. റഹീം (സി.പി.എം സ്വതന്ത്രൻ)
2016 പി.ടി.എ. റഹീം (സി.പി.എം സ്വതന്ത്രൻ)
2016 നിയമസഭ തെരഞ്ഞെടുപ്പ്
പി.ടി.എ റഹീം സി.പി.എം
സ്വതന്ത്രൻ 77410 (ഭൂരിപക്ഷം: 11205)
ടി. സിദ്ദീഖ് (കോൺഗ്രസ്) 66025
സി.കെ. പത്മനാഭൻ
(ബി.ജെ.പി) 32702
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ
മുന്നണികൾക്ക് ലഭിച്ച വോട്ടുകൾ
യു.ഡി.എഫ്: 81551
എൽ.ഡി.എഫ്: 70259
എൻ.ഡി.എ: 30650
എം.കെ. രാഘവെൻറ
ഭൂരിപക്ഷം: 11292
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ജയം
കുന്ദമംഗലം പഞ്ചായത്ത്
-എൽ.ഡി.എഫ്
ചാത്തമംഗലം പഞ്ചായത്ത്
-എൽ.ഡി.എഫ്
മാവൂർ പഞ്ചായത്ത് -യു.ഡി.എഫ്
പെരുവയൽ പഞ്ചായത്ത്
-യു.ഡി.എഫ്
പെരുമണ്ണ പഞ്ചായത്ത്
-എൽ.ഡി.എഫ്
ഒളവണ്ണ പഞ്ചായത്ത് -എൽ.ഡി.എഫ്