ഒട്ടും സമയമില്ല; ഇതാ വന്നെത്തി, മിന്നൽ വേഗത്തിലുള്ള പ്രചാരണത്തിന് മുന്നണികൾ
text_fieldsതിരുവനന്തപുരം: പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ തെരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ അമ്പരപ്പിലാണ് രാഷ്ട്രീയ കേരളം. എൽ.ഡി.എഫ് മൂന്നാം തവണയും അധികാരം പിടിക്കുമോ യു.ഡി.എഫ് തിരിച്ചുവരുമോ എന്ന നിർണായക ചോദ്യത്തിന് ഉത്തരം തേടിയുള്ള രാഷ്ട്രീയ പടയൊരുക്കത്തിന്റെ നാളുകളാണ് ഇനി. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ എത്രത്തോളം വെല്ലുവിളിയാകുമെന്നത് ഇതര മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു.
ഒരുക്കം പൂർത്തിയാക്കാൻ സമയം പരിമിതമെങ്കിലും മിന്നൽ വേഗത്തിലുള്ള പ്രചാരണത്തിനാണ് മുന്നണികൾ തയാറെടുക്കുന്നത്. പ്രഖ്യാപനം വന്നയുടൻ ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും റോഡ് ഷോകളുമായി കളംനിറയുകയും ചെയ്തു. യു.ഡി.എഫിലും സ്ഥാനാർഥി പ്രഖ്യാപനത്തിന് തിരക്കിട്ട നീക്കങ്ങളാണ്. കഴിഞ്ഞ തവണത്തെപ്പോലെ ദിവസങ്ങൾ നീളുന്ന പര്യടനങ്ങൾക്കോ ചിട്ടയായ സ്ക്വാഡ് പ്രവർത്തനങ്ങൾക്കോ ഇത്തവണ സമയമില്ലാത്തിനാൽ എല്ലാം ധൃതിയിലാണ്. കൺവെൻഷനുകൾക്കും റോഡ് ഷോകൾക്കും താരപ്രചാരകരുടെ വരവിനുമടക്കം ഇനിയുള്ളത് മൂന്നാഴ്ച മാത്രം.
എസ്.ഐ.ആർ നിലവിൽവന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. എസ്.ഐ.ആർ നടപടികൾ പൂർത്തിയായപ്പോൾ 140 നിയമസഭ മണ്ഡലങ്ങളിൽ 95ലും വോട്ടർമാർ കുറഞ്ഞു. വലിയ കുറവ് രേഖപ്പെടുത്തിയത് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ്. വർധനവുള്ള 45 മണ്ഡലങ്ങളും വടക്കൻ ജില്ലകളിലാണ്. തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം മണ്ഡലത്തിലാണ് വോട്ടർമാർ ഏറ്റവും കുറഞ്ഞത് -47,647 പേർ. വോട്ടർമാരുടെ എണ്ണം ഉയർന്ന 45 മണ്ഡലങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ മലപ്പുറം ജില്ലയിലെ വേങ്ങരയാണ്. വോട്ടർ പട്ടികയിലെ ഈ ഏറ്റക്കുറച്ചിലുകൾ ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
ക്ഷേമാനുകൂല്യങ്ങളും വികസന നേട്ടവുമായി കളത്തിലിറങ്ങുന്ന എൽ.ഡി.എഫിന് ശബരിമല സ്വർണക്കൊള്ളയും ആരോഗ്യമേഖലയിലെ വീഴ്ചകളും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമടക്കം വെല്ലുവിളികളുണ്ട്. ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും മിന്നും വിജയവും ഭരണവിരുദ്ധവികാരവുമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. എന്നാൽ, സ്ഥാനാർഥിപ്പട്ടിയിലെ അനിശ്ചിതത്വം യു.ഡി.എഫിനെ അവസാന നിമിഷം കുഴക്കുന്നുണ്ട്.
കേരളത്തിൽ 23 വരെ വോട്ട് ചേർക്കാം
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ വോട്ടർപട്ടികയിൽ ഇനിയും പേരു ചേർക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച് 23 വരെയാണ് വോട്ടർ പട്ടികയിൽ ഇനിയും പേരു ചേർക്കാൻ അവസരം നൽകുകയെന്നും കമീഷൻ വ്യക്തമാക്കി. ഇങ്ങനെ പുതുതായി വീണ്ടും വോട്ടർപട്ടികയിൽ ചേർക്കുന്ന പേരുകൾക്ക് മാത്രമായി ഒരു സപ്ലിമെൻററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയില്ല. പുതുതായി ചേർക്കുന്ന വരെ വോട്ടർ പട്ടികയിലേക്ക് നേരിൽ ചേർക്കുകയാണ് ഉണ്ടാവുക എന്നും അങ്ങിനെ ചേർക്കപ്പെട്ടവരുടെ പേരു കണ്ടെത്താൻ വോട്ടർ പട്ടിക തന്നെ പരിശോധിക്കേണ്ടി വരുമെന്നും കമ്മീഷൻ അറിയിച്ചു. ബീഹാറിൽ എസ്.ഐ.ആർ അന്തിമ പട്ടികക്ക് ശേഷം വോട്ടെടുപ്പിന് തൊട്ടു മുമ്പായി മൂന്ന് ലക്ഷത്തിലേറെ പേരെ ചേർത്തിരുന്നു.അതേസമയം പശ്ചിമബംഗാളിൽ വോട്ടർ പട്ടികക്ക് പുറത്തായ 60 ലക്ഷത്തിലധികം പേരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗാേനഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

