നിയമസഭ അതിക്രമ കേസ്: കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ വിടുതൽ ഹരജി നൽകി
text_fieldsതിരുവനന്തപുരം: നിയമസഭയിലെ അതിക്രമക്കേസിൽ മന്ത്രിമാർ ഉൾപ്പെടെ അഞ്ച് പ്രതികൾ വിടുതൽ ഹരജി നൽകി. അഞ്ചാംപ്രതി ശിവൻകുട്ടി വിടുതൽ ഹരജി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസിൽ പ്രതികളായ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവരുൾപ്പെടെ അഞ്ച് സി.പി.എം നേതാക്കളാണ് വിടുതൽ ഹരജി നൽകിയത്. ഹരജിയിൽ കോടതി ഈ മാസം 25ന് വാദം പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിനിടെ കേസിലെ തൊണ്ടിമുതലുകൾ അന്വേഷണസംഘത്തിന് തിരികെ നൽകി. ഫോറൻസിക് പരിശോധന പൂർത്തിയായതിനെ തുടർന്നാണ് ഇവ അന്വേഷണ സംഘത്തിന് മടക്കി നൽകിയത്. 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങളായിരുന്ന പ്രതികൾ ആക്രമണം നടത്തിയെന്നാണ് കേസ്.
അതിക്രമത്തിൽ 2.5 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, എം.എൽ.എമാരായിരുന്ന കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.