ജനങ്ങളുടെ ജീവന് ഭീഷണിയായ വന്യജീവിയെ കൊല്ലാം, ചന്ദനമരം മുറിച്ചുവിൽക്കാം -ബില്ലുകൾക്ക് നിയമസഭയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയായ വന്യജീവികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്ന വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബില്ലും സ്വകാര്യഭൂമിയിലെ ചന്ദന മരങ്ങൾ മുറിച്ചുവിൽക്കാൻ അവകാശം നൽകുന്ന കേരള വന (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി.
ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റാല്‍ ജില്ല കലക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ റിപ്പോർട്ട് ചെയ്താൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആ മൃഗത്തെ കൊല്ലാൻ നടപടി സ്വീകരിക്കാം. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാല്‍ ജനന നിയന്ത്രണത്തിനും മറ്റു സ്ഥലങ്ങളിലേക്ക് നാടുകടത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചെന്ന് കണ്ടാല്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ബിൽ നിയമമായാൽ ഈ അധികാരം സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കേരള വന (ഭേദഗതി) ബിൽ പ്രകാരം സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുമ്പോൾ വില പൂർണമായും കര്‍ഷകന് ലഭ്യമാകും. നിലവിൽ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസെടുക്കേണ്ടിവരുന്നുണ്ട്. ഇതിന് അറുതിയാവും. നിലവിലെ നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കാൻ മാത്രമാണ് അനുമതി. സ്വന്തം ആവശ്യത്തിന് വീടു വെക്കുന്നതിനുള്ള സ്ഥലത്തെ മരം മുറിക്കാനും പുതിയ നിയമം അനുമതി നല്‍കും. മലയോര മേഖലയിലെ കർഷർക്ക് ആശ്വാസമേകുന്നതാണ് ഇരു ബില്ലുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

