ബെയ്‌ലിൻ ദാസിന്‍റെ അറസ്റ്റ്; രാഷ്ട്രീയം നോക്കാതെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് അഡ്വ. ശ്യാമിലി
text_fieldsതിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് നന്ദിയെന്ന് മർദനമേറ്റ അഡ്വ. ശ്യാമിലി. കേരള പൊലീസിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് ശ്യാമിലി പറഞ്ഞു.
സംഭവ ശേഷം രാഷ്ട്രീയം നോക്കാതെ എല്ലാ പാർട്ടികളും നേതാക്കളും സിനിമ സാംസ്കാരിക രംഗത്തുള്ളവരും ബാർ അസോസിയേഷനും ബാർ കൗൺസിലും ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും നന്ദി മാത്രമേയുള്ളൂവെന്നും അഡ്വ. ശ്യാമിലി മാധ്യമങ്ങളോട് വ്യക്തമാക്കി.
വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷക്ക് ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷൻ കടവിൽ നിന്ന് ഇയാൾ സഞ്ചരിച്ച കാർ വളഞ്ഞ് സിനിമ സ്റ്റൈലിൽ തുമ്പ സി.ഐയുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിലാകുമ്പോൾ കാറിൽ ബന്ധുവും ഉണ്ടായിരുന്നു. ബന്ധുവിനെ വിട്ടയച്ച പൊലീസ്, ബെയ് ലിൻ ദാസിനെ വഞ്ചിയൂർ പൊലീസിന് കൈമാറി രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്‍റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) സഹപ്രവർത്തകർ നോക്കിനിൽക്കെ ഓഫീസ് കാബിനിലിട്ട് ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചത്. ഓഫീസിലെ സഹപ്രവർത്തകയോടും തന്നോടും മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദനം.
സംഭവമറിഞ്ഞയുടൻ വഞ്ചിയൂർ ത്രിവേണി ആശുപത്രി റോഡിലെ ബെയ് ലിൻ ദാസിന്‍റെ വക്കീൽ ഓഫീസിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് മുരളീധരന്റെ നേതൃത്വത്തിൽ ഒരു സംഘം അഭിഭാഷകർ തടയുകയായിരുന്നു.
പൊലീസ് അന്വേഷണം കടുപ്പിച്ചതോടെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയിരുന്നു. അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

