വിഷ്ണുവും സജീറും ആംബുലൻസിലെത്തി; അസം യുവതിക്ക് പാതിരാത്രി വീട്ടിൽ സുഖപ്രസവം
text_fieldsപെരിന്തൽമണ്ണ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ അസം സ്വദേശിനിക്ക് വീട്ടിൽ സുഖപ്രസവം. പെരിന്തൽമണ്ണ ഒലിങ്കരയിൽ താമസിക്കുന്ന മഹിമയാണ് (23) ഉത്രാടനാളിൽ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച പുലർച്ച 1.30ഓടെയാണ് സംഭവം. മഹിമക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കൺട്രോൾ റൂമിൽനിന്ന് ഉടൻ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് സന്ദേശം കൈമാറി. ആംബുലൻസ് പൈലറ്റ് കെ. വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷൻ പി. സജീർ എന്നിവർ ഉടൻ സ്ഥലത്തെത്തി ഇരുവരെയും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

