അസ്ലം വധം: ഒളിവില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍
text_fieldsനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധക്കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. പള്ളൂര്‍ സ്വദേശികളായ വിനീഷ് (28), വിജിത് (32) എന്നിവരെയാണ് നാദാപുരം സി.ഐ. ജോഷി ജോസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഇവരുടെ വീടുകളില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്. അസ്ലം സഞ്ചരിച്ച ബൈക്കിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയവരില്‍ പ്രധാനപ്രതികളാണ് അറസ്റ്റിലായവര്‍. ഇവരോടൊപ്പം കാറില്‍ സഞ്ചരിച്ച ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അസ്ലം വധക്കേസില്‍ 14 സി.പി.എം പ്രവര്‍ത്തകരെ പൊലീസ് ഇതോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് നാദാപുരം സി.ഐ. ജോഷി ജോസ് പറഞ്ഞു. അസ്ലം വധക്കേസില്‍ കുറ്റപത്രം നല്‍കുന്നത് വൈകിയതിനാല്‍ മുമ്പ് അറസ്റ്റിലായ 12 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.