ചോദിച്ചത് വോട്ട്; വോട്ടർമാർക്ക് വേണ്ടത് പാട്ട് -അപു ജോൺ ജോസഫ്
text_fieldsതൊടുപുഴ: തൊടുപുഴക്കാർക്കും രാഷ്ട്രീയ കേരളത്തിനൊന്നാകെയും പരിചിതനായ പി.ജെ ജോസഫിന്‍റെ മകൻ അപുജോൺ ജോസഫ് ഇത്തവണ കളത്തിലിറങ്ങിയത് ന്യൂ ജനറേഷൻ സ്ഥാനാർത്ഥിയുടെ ചുറുചുറുക്കുമായാണ്. മണ്ഡലത്തിലെ മുക്കിലും മൂലയിലും പ്രചാരണത്തിന്‍റെ ഭാഗമായി എത്തിയ തന്നെ പാട്ട് പാടിക്കാതെ ഒരടി മുന്നോട്ട് വെക്കാൻ സമ്മതിക്കാത്ത വോട്ടർമാരാണ് ശരിക്കും അദ്ഭുതപ്പെടുത്തിയതെന്ന് അപു ഓർക്കുന്നു . പലപ്പോഴും പാട്ട് മൂലം സമയത്ത് സ്വീകരണ കേന്ദ്രങ്ങളിൽ എത്താൻ പോലും കഴിഞ്ഞിരുന്നില്ല . ‘ഇത് ഔസേപ്പച്ചന്‍റെ (പി.ജെ. ജോസഫ്) മകനല്ലേ , അപ്പോ ഒരു പാട്ട് പാടിയിട്ടൊക്കെ പോയാ മതീന്നേ’ എന്ന് പറഞ്ഞ് പ്രായമായവരടക്കമാണ് എത്തിയത്.
അപ്പച്ചൻ തെരഞ്ഞെടുപ്പുകളിൽ പാടിയിരുന്ന അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം, താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തുടങ്ങി പാട്ടുകളുടെ ലിസ്റ്റ് വിളിച്ച് പറഞ്ഞ് പാടിച്ചവർ വരെയുണ്ട്. പ്രസംഗങ്ങൾ കേട്ട് മടുത്ത വോട്ടർമാർക്കിടയിലേക്ക് പ്രചാരണത്തിന്‍റെ ഭാഗമായി സ്വരലയ എന്ന സംവാദ പരിപാടി തന്നെ സംഘടിപ്പിച്ച് പുതു വഴി വെട്ടാൻ തീരുമാനിച്ചതും ഇതേതുടർന്നാണ്. കോലാനി എന്ന പ്രദേശത്ത് കുറച്ച് വീട്ടമ്മമാർ സന്തോഷക്കണ്ണീരാൽ വിജയാശംസ നേർന്നത് ഒരിക്കലും മറക്കാൻകഴിയുന്നതല്ല . അപ്പച്ചന്‍റെ സാന്നിധ്യം തെരഞ്ഞെടുപ്പ് കാലത്തെ കരുത്തായിരുന്നു.
രാവിലെ ഏഴ് മണി മുതലാണ് പ്രചാരണ പരിപാടികൾ ഷെഡ്യൂൾ ചെയ്തതെങ്കിലും പുലർച്ചെ അഞ്ച് മണിക്ക് എണീക്കും. പ്രാർത്ഥനയും അന്നത്തെ പ്രചാരണ ഒരുക്കങ്ങളും കഴിഞ്ഞ് വോട്ടർമാരുടെ അടുത്തേക്ക് ഓട്ടമാണ്. തിരികെ വീട്ടിലെത്തി ഉറങ്ങുമ്പോൾ രാത്രി ഒന്നരയോടടുത്തിരിക്കും . ഒരു പക്ഷേ സിനിമാ താരങ്ങൾക്ക് പോലും കിട്ടാത്ത പ്രാധാന്യം സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്നത് അതിശയമാണ് .
രാഷ്ട്രീയമെന്നത് വെറും അധികാരമല്ല. മറിച്ച് ജനങ്ങളെ സേവിക്കാനുള്ള ഒരു വലിയ അവസരമാണെന്ന് ആദ്യ പ്രചാരണ കാലം തന്നെ ബോധ്യപ്പെടുത്തി. ഒരിടത്ത് വോട്ട് ചോദിച്ച് പോയപ്പോൾ രസകരമായ ഒരു അനുഭവം ഉണ്ടായി. എല്ലാവർക്കും കൈ കൊടുത്ത കൂട്ടത്തിൽ ഒരാൾ തന്‍റെ കൈ പിടിക്കാൻ കൂട്ടാക്കിയില്ല. ഒരിക്കൽ കൂടി നീട്ടിയപ്പോൾ ഇല്ല ഞാൻ പാർട്ടി വേറെയാ , വോട്ട് ചെയ്യില്ല കേട്ടോ എന്ന് തുറന്നു പറഞ്ഞു. സാരമില്ല ചേട്ടാ ഒരു കൈ തന്നേരെ, ജയിച്ചാൽ മണ്ഡലത്തിൽ നല്ല കാര്യങ്ങൾ ചെയ്താൽ അടുത്ത വോട്ട് തന്നാൽ മതിയെന്ന് പറഞ്ഞതോടെ ഒരു ചിരി സമ്മാനിച്ച് കൈ പിടിച്ച് കുലുക്കി- അപു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

