‘ലിഫ്റ്റ്’ ചോദിച്ച് കാറിൽ കയറി; 15,600 രൂപ തട്ടിയെടുത്തവർ അറസ്റ്റിൽ
text_fieldsസാജിദ് അനീസ്
കണ്ണൂർ: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടിയ രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ താഴെത്തെരു പള്ളി മൂപ്പൻ ഹൗസ് പി.എം. സാജിദ്, കണ്ണൂർ പൂളേന്റവിട ഹൗസ് പി. അനീസ് എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോഴിക്കോട് നിന്ന് വരികയായിരുന്ന കാറിന് മാഹി പാലത്തിന് സമീപം രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരി വരെ വരട്ടെ എന്ന് ചോദിച്ച് കയറുകയുമായിരുന്നു. പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ കാറുടമ നോക്കിയപ്പോൾ കണ്ടില്ല. പണം തിരയുന്നതിനിടെ ഇരുവരും കാറിൽനിന്ന് ഇറങ്ങിയോടി. തലശ്ശേരി സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

