ട്രാഫിക് ഡ്യൂട്ടിയിലെ പൊലീസുകാരനെ മർദിച്ച എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ
text_fieldsനസീർ റാവുത്തർ
തിരുവല്ല: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച സംഭവത്തിൽ വനിത എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭർത്താവായ മുത്തൂർ പ്ലാമൂട്ടിൽ വീട്ടിൽ നസീർ റാവുത്തർ (53) ആണ് അറസ്റ്റിലായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അഖിലിനെ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. മുൻ വൈരാഗ്യത്തെ തുടർന്നാണ് അഖിലിനെ മർദിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ മുത്തൂർ ജങ്ഷനിലായിരുന്നു സംഭവം നടന്നത്. സ്കൂട്ടറിൽ എത്തിയ നസീർ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മർദിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ നസീറിനെ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.
നസീർ തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

