'തീപാറും പോരാട്ടം, മെസ്സി കപ്പടിക്കണം'; ഫൈനൽ പ്രതീക്ഷ പങ്കുവെച്ച് കേരള ടീം മുൻ ക്യാപ്റ്റൻ ആസിഫ് സഹീർ
text_fieldsആസിഫ് സഹീർ കുടുംബത്തോടൊപ്പം
ലോകകപ്പ് ഫുട്ബാൾ കലാശപ്പോരിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ വരുമ്പോൾ കളിമൈതാനത്ത് തീപാറുമെന്ന് ഉറപ്പ്. ഇത്തവണത്തേത് തീപാറുന്ന ഫൈനൽ പോരാട്ടമായിരിക്കുമെന്നും, അറ്റാക്കിങ് ഫുട്ബാളിന്റെ സൗന്ദര്യം നിറഞ്ഞൊരു ക്ലാസിക്കൽ ത്രില്ലർ ആരാധകർ പ്രതീക്ഷിക്കാമെന്നും മുൻ ഇന്ത്യൻ താരവും കേരള ടീം മുൻ ക്യാപ്റ്റനുമായ ആസിഫ് സഹീർ 'മാധ്യമ'ത്തോട് പ്രതികരിച്ചു. "റഫ് ആൻഡ് ടഫ് ഗെയിമിനേക്കാൾ മികച്ച അറ്റാക്കിങ് ഫുട്ബാൾ ആയിരിക്കും കലാശപ്പോരിൽ കാണാനാവുക. സ്പെയിൻ ടീമിലെയും അർജന്റീന ടീമിലെയും ഭൂരിഭാഗം താരങ്ങളും സ്പാനിഷ് ലീഗിൽ കളിച്ച് പരിചയമുള്ളവരായതുകൊണ്ട് തന്നെ ഇതൊരു ക്ലാസിക്കൽ ത്രില്ലറായി മാറും," അദ്ദേഹം പറഞ്ഞു.
സ്പാനിഷ് പടയുടെ കളിശൈലി ഫൈനലിൽ അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയാകും. ബാൾ പൊസഷൻ നിലനിർത്തി പാസിംഗ് ഗെയിമിലൂടെ എതിരാളികളെ ബുദ്ധിമുട്ടിക്കുന്ന 'ടിക്കി-ടാക്ക' ശൈലിയും, പന്ത് നഷ്ടപ്പെട്ടയുടനെ എതിരാളികളെ വളഞ്ഞ് പന്ത് തിരിച്ചുപിടിക്കുന്ന 'കൗണ്ടർ പ്രസിങ്ങും' സ്പെയിനിനെ കരുത്തരാക്കുന്നു.
മറുവശത്ത്, സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റുന്നതാണ് ലയണൽ സ്കലോണിയുടെ അർജന്റീനയുടെ ശൈലി. മെസ്സിയുടെ മാന്ത്രിക നീക്കങ്ങളും കളിയുടെ ഗതി തിരിക്കാൻ പോന്ന പകരക്കാരുടെ സാന്നിധ്യവും അർജന്റീനയെ അപകടകാരികളാക്കുന്നു. പന്തവകാശത്തിൽ സ്പെയിൻ ആധിപത്യം പുലർത്തുമ്പോൾ, അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ സ്പാനിഷ് പ്രതിരോധം തകർക്കാനാകും അർജന്റീനയുടെ ശ്രമം. തികച്ചും വ്യത്യസ്തമായ ഈ രണ്ട് കളിശൈലികളുടെ ഏറ്റുമുട്ടൽ കൂടിയാകും ഈ ഫൈനൽ.
"നമ്മൾ ഇതുവരെ കണ്ട ഏറ്റവും വലിയ ത്രില്ലർ 2022-ലെ അർജന്റീന-ഫ്രാൻസ് ഫൈനലായിരുന്നു. എന്നാൽ ഇത്തവണ അതിനേക്കാൾ മികച്ചൊരു ഫൈനൽ കാണാനാകുമെന്നാണ് പ്രതീക്ഷ. ഇരു ടീമുകളും കപ്പിനായി കൊടുമ്പിരികൊണ്ട പോരാട്ടം കാഴ്ചവെക്കും. എങ്കിലും, ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ കരിയറിലെ അവസാന ലോകകപ്പിൽ രണ്ടാമതും ലോകകിരീടം ഉയർത്തണമെന്നാണ് വ്യക്തിപരമായ ആഗ്രഹം" - ആസിഫ് സഹീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

