മരപ്പട്ടി വിസർജ്യം: ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിംങ് നിർത്തിവെച്ചു
text_fieldsഹൈകോടതിയിൽ ശല്യമുണ്ടാക്കിയ മരപ്പട്ടിയെ പിടികൂടിയപ്പോൾ
കൊച്ചി: രാത്രിയുടെ മറവിൽ നീതിപീഠത്തിനരികിൽ ‘ശല്യക്കാരനായ ഒരു വ്യവഹാരി’യെത്തി. നേരംവെളുത്തപ്പോൾ വ്യവഹാരിയുടെ വിഹാരവും വിസർജ്യവും കാരണം ന്യായാധിപന്മാർ മൂക്കുപൊത്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചത് മരപ്പട്ടിയായിരുന്നു. രാത്രി മരപ്പട്ടികൾ കോടതിക്കകത്ത് കയറി വിസർജിച്ചതിനെ തുടർന്നുണ്ടായ ദുർഗന്ധം കാരണമാണ് ചൊവ്വാഴ്ച കോടതി നടപടികൾ തടസ്സപ്പെട്ടത്. രാവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് കേസുകൾ കേൾക്കാൻ തുടങ്ങിയെങ്കിലും ദുർഗന്ധം സംബന്ധിച്ച് ആരാഞ്ഞു.
മരപ്പട്ടി ശല്യമുണ്ടെന്നും അവയുടെ വിസർജ്യത്തിന്റെ ദുർഗന്ധമാണെന്നും അഭിഭാഷകരും ജീവനക്കാരും അറിയിച്ചു. തുടർന്ന് അടിയന്തര പ്രധാന്യമുള്ള കേസുകൾ മാത്രം പരിഗണിച്ച ശേഷം മറ്റു കേസുകൾ വരും ദിവസങ്ങളിലേക്ക് മാറ്റി ബെഞ്ച് സിറ്റിങ് നിർത്തിവെക്കുകയായിരുന്നു. കോടതി മുറി വൃത്തിയാക്കാനും മരപ്പട്ടി കയറുന്ന ഭാഗത്തിന്റെ അറ്റകുറ്റപ്പണിക്കും നിർദേശിച്ചു. തിങ്കളാഴ്ച രാത്രി ഒരു മരപ്പട്ടിയെ കെണിവെച്ച് പിടിച്ച് വനം വകുപ്പിന് കൈമാറിയിരുന്നു. എയർ കണ്ടീഷന്റെ സീലിങ്ങിനുള്ളിലായിരുന്നു മരപ്പട്ടിയെ കണ്ടത്. സി.സി ടിവിയിൽ മരപ്പട്ടിയെ കണ്ടതിനെ തുടർന്നാണ് കെണിയൊരുക്കിയത്. ബുധനാഴ്ച സിറ്റിംഗ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

