ബി.ജെ.പിക്കാരും മഹിളാ മോർച്ച പ്രവർത്തകരും അത്ര ബുദ്ധിയില്ലാത്തവരല്ല; ഞങ്ങളുടെ സമരം കോൺഗ്രസിന്റെ വാക്കുകൾക്ക് എതിരെ -അശ്വിനി എം.ൽ
text_fieldsഅശ്വിനി എം.ൽ
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ബി.ജെ.പി വനിതാ സംഘടനയായ മഹിളാ മോർച്ച മേയ് 15 വെള്ളിയാഴ്ച നടത്തിയ പ്രതിഷേധത്തിന് വിശദീകരണവുമായി അശ്വിനി എം.ൽ രംഗത്ത്. തന്റെ സാമൂഹിക മാധ്യമമായ ഫേസ് ബുക്കിലൂടെയാണ് അശ്വിനി വിശദീകരണ വീഡിയോ പങ്കുവെച്ചത്. മേയ് 15 മുതൽ സൗജന്യ യാത്ര എന്ന കെ.സി വേണുഗോപാലിന്റെ വാഗ്‌ദാനം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താണ് മഹിളാമോർച്ച പ്രതിഷേധം സഘടിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് തുടങ്ങി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം, ബി.ജെ.പിക്കാരും മഹിളാ മോർച്ചക്കാരും അത്ര ബുദ്ധിയില്ലാത്തവരല്ല. ഞങ്ങൾ ഈ സമരം വളരെ വ്യക്താമായി മനസ്സിലാക്കിയാണ് സംഘടിപ്പിച്ചതെന്ന് അശ്വിനി എം.ൽ പങ്കുവെച്ച വിഡിയോയിലൂടെ പറയുന്നു. 'തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്‌ദാനം മുഖ്യമന്ത്രിയായ ശേഷം മാത്രമേ സാധിക്കൂ എന്ന സാമാന്യ ബോധ്യം മഹിളാ മോർച്ചക്കും ബി.ജെ.പിക്കും ഉണ്ട്. ഞങ്ങളുടെ സമരം കോൺഗ്രസിന്റെ വാക്കുകൾക്ക് എതിരെയാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം എന്ന് പറഞ്ഞത്?. അത്രയും സാമാന്യബുദ്ധി ഇല്ലാത്തവരാണോ കോൺഗ്രസ്?. കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫ് സർക്കാർ ജനങ്ങളെ പറ്റിച്ചാണ് ഭരിച്ചത്. അവരുടെ ഭരണം അവസാനിച്ചിരിക്കുകയാണ്. പുതിയ സർക്കാറും വി.ഡി. സതീശനും ജനങ്ങളെ പറ്റിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഇന്ദിര ഗ്യാരണ്ടി വാഗ്‌ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വി.ഡി.സതീശൻ അഞ്ച് വർഷം സമാധാനത്തോടെ ഭരിക്കില്ല' -അശ്വിനി പറഞ്ഞു.
യു.ഡി.എഫ് വിജയിച്ച ശേഷം പ്രകടന പത്രികയിൽ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കിയില്ല എന്ന് ആരോപിച്ചായിരുന്നു സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ഭരണത്തിലെത്തും മുമ്പേ പ്രതിഷേധം നടന്നത് വിമർശനത്തിനിടയാക്കി. പ്രതിഷേധത്തെ വ്യാപകമായി വിമർശിച്ചതിനെതിരെ വിശദീകരണവുമായാണ് അശ്വിനി എം.ൽ രംഗത്തെത്തിയത്.
മഹിളാ മോർച്ചയെയും ബി.ജെ.യെയും വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ബി.ജെ.പി കേരളം പോസ്റ്റ് ചെയ്ത പോസ്റ്റർ പങ്കുവെച്ച തൃക്കരിപ്പൂർ നിയുക്ത എം.എൽ.എ സന്ദീപ് വാര്യർ ഫേസ് ബൂക്കിലൂടെയാണ് പ്രതികരിച്ചത്. 'സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി. 'പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?' -സന്ദീപ് വാര്യർ ചോദിച്ചു. 'എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ടെന്ന്' വി.ടി. ബൽറാം എം.എൽ.എയും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

