മദ്യപിച്ച് അപകടം ഉണ്ടാക്കിയ സംഭവം: അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്
text_fieldsകോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. എം.വി.ഡി ഉദ്യോഗസ്ഥർ പൊലീസിന് റിപ്പോര്‍ട്ട് കൈമാറി. അപകടം നടന്ന ദിവസം പൊലീസ് ഡ്രൈവിങ് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നാണ് അശ്വന്ത് മൊഴി നൽകിയത്. അടുത്തദിവസം ലൈസൻസ് പൊലീസിൽ ഹാജരാക്കിയപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമായത്.
2005 ഫെബ്രുവരി 17ന് പേരാമ്പ്ര സബ് ആർ.ടി.ഒ ഓഫിസിൽ നിന്നാണ് അശ്വന്തിന് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത്. 2025 ഫെബ്രുവരി 16വരെയായിരുന്നു ലൈസന്‍സിന്റെ കാലാവധി. ഇതോടെ, ലൈസൻസ് ഇല്ലാതെ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് തുടർനടപടി സ്വീകരിക്കും. അപകടത്തിൽ മറ്റു വാഹനയാത്രക്കാർക്ക് പരിക്കേറ്റതിനാൽ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടം വരുത്തിയതിന് പരമാവധി പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് നടക്കാവില്‍ വെച്ചാണ് അശ്വന്ത് ഓടിച്ച ഥാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചത്. അപകടമുണ്ടാക്കിയ ശേഷവും വാഹനം ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് പിടികൂടിയത്. പിന്നാലെ, അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹന ഉടമകൾ നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് അശ്വന്തിനെതിരെ കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്തുവന്നിരുന്നു. ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായി അശ്വന്ത് വിഡിയോയിൽ പറഞ്ഞു. ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ‘എന്റെ ജയിലർ-2 റിവ്യൂ വൺ മില്യൺ അടിച്ചിരിക്കും. അത് എന്റെ അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. കുറേപ്പേർ പറയുന്നത് എന്റെ വിഡിയോ ഇനി കാണേണ്ട, ഞാൻ മോശക്കാരനാണ് എന്ന്. ചെയ്തത് തെറ്റാണ്. അത് അംഗീകരിക്കുന്നു. തെറ്റുകൾ പറ്റും. പെൻസിലിന്റെ പിറകിലെന്തിനാണ് ഇറേസർ. എഴുതുമ്പോൾ തെറ്റും എന്നുറപ്പുള്ളത് കൊണ്ടാണ്. അങ്ങനെ സംഭവിക്കും. ഞാൻ മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു.
ഇനിയൊരിക്കലും ചെയ്യില്ല. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല. കേരള പൊലീസിന് ഞാനതിന് അവസരം കൊടുക്കില്ല. നിയമവിരുദ്ധമായി ഞാൻ ചെയ്ത ഏക കാര്യം ഇതാണ്. പണ്ട് പബ്ലിക് സ്മോക്കിങ് ഉണ്ടായിരുന്നു. ഇന്ന് ഇല്ല. വേറൊന്നും ഞാൻ ചെയ്യാറില്ല. ഇത് എന്നോടുള്ള പ്രോമിസ് ആണ്. വേറെ ആർക്കും വേണ്ടിയല്ല അശ്വന്ത് വിഡിയോയിലൂടെ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

