You are here

രോഗം ഒരു കുറ്റമാണോ; കോവിഡ് കാലത്ത് ‘അശ്വമേധം’ ചർച്ചയാകുമ്പോൾ

തോപ്പിൽ ഭാസി

കായംകുളം: സാമൂഹിക ഭ്രഷ്ട് കൽപ്പിച്ച് മാറ്റിനിർത്തിയവർക്കായി ‘അശ്വമേധം’ നാടകത്തിലൂടെ തോപ്പിൽ ഭാസി ഉയർത്തിയ ‘രോഗം ഒരു കുറ്റമാണോ ഡോക്ടർ’ എന്ന ചോദ്യത്തിന് ആധുനിക കോവിഡ് കാലത്തും പ്രസക്തി. രോഗികളെ ചിലരെങ്കിലും ഒറ്റപ്പെടുത്തുകയും വീടുകൾക്ക് നേരെ പോലും ആക്രമണം നടക്കുകയും ചെയ്യുമ്പോൾ ആ പഴയ ചോദ്യം ആവർത്തിക്കപ്പെടുകയാണ്, ‘രോഗം ഒരു കുറ്റമാണോ’.

കുഷ്ഠരോഗികൾക്ക് സമൂഹം കൽപ്പിച്ച വിലക്കാണ് ‘അശ്വമേധം’ നാടകത്തിനും പ്രശസ്തമായ ഡയലോഗിനും കാരണമായത്. കുഷ്ഠരോഗികളെ കണ്ടാൽ കല്ലെറിഞ്ഞ് ഒാടിക്കുന്ന കാലഘട്ടത്തിലാണ് നൂറനാട് ലെപ്രസി സാനിേട്ടാറിയത്തി​​െൻറ പശ്ചാത്തലം ഇതിവൃത്തമാക്കി ഭാസിയുടെ നാടകം പിറന്നത്. കുറ്റവാളികളായ രോഗികളെ  പാർപ്പിക്കാൻ ജയിലും വിശ്വാസികൾക്കായി ആരാധാനലയങ്ങളും സിനിമ തിയേറ്ററും ഒക്കെയുള്ള സാനിേട്ടാറിയത്തെ ജനങ്ങൾ ഭയത്തോടെയാണ് അന്ന് നോക്കിയിരുന്നത്.  കുഷ്ഠരോഗം വ്യാപകമായപ്പോഴാണ് ക്വാറന്‍റൈൻ എന്ന വാക്കും വൈദ്യശാസ്ത്ര രംഗത്ത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.

1954 ൽ നിയമസഭാംഗമായപ്പോഴാണ് തിരസ്കൃതരായവർക്കായി തന്‍റെ മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന സാനിേട്ടാറിയത്തിലേക്ക് ഭാസി ആദ്യമായി എത്തുന്നത്. ഇവിടേക്കുള്ള നിരന്തര സന്ദർശനം രോഗികളെയും അവർ അനുഭവിക്കുന്ന വിഷമതകളും മനസിലാക്കാൻ ഭാസിലെ സഹായിച്ചത്. 1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് അലഞ്ഞുതിരിയുന്ന കുഷ്ഠരോഗികളെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശവുമായി ആരോഗ്യ മന്ത്രിയായിരുന്ന ഡോ. എ.ആർ. മേനോൻ ലെപ്രസി ബിൽ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ രോഗികളുടെ പ്രയാസങ്ങൾ നേരിൽ മനസിലാക്കിയ ഭാസി പാർലമ​​െൻററി പാർട്ടിക്കുള്ളിൽനടത്തിയ സമ്മർദ്ദം കാരണമാണ് ബിൽ പിൻവലിക്കേണ്ടി വന്നത്. ഇതെല്ലാമാണ് കുഷ്ഠരോഗികൾ നേരിട്ട സാമൂഹിക വിലക്കുകളും പ്രയാസങ്ങളും ഇതിവൃത്തമാക്കി നാടകം എഴുതാൻ ഭാസിയെ പ്രേരിപ്പിച്ചത്.

ഇടത്തരം കുടുംബത്തിലെ മാമൂലുകൾ മുറുകെ പിടിച്ച് ജീവിക്കുന്ന കേശവ സ്വാമിയുടെ നാലു മക്കളിൽ മുതിർന്നവളായ സരോജമാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. മുറച്ചെറുക്കൻ മോഹനനുമായുള്ള വിവാഹത്തിന് നാളുകൾ അവശേഷിക്കെ സരോജത്തിന് കുഷ്ഠരോഗം സ്ഥിരീകരിക്കുന്നു. രോഗം മറച്ചുവച്ച് വിവാഹത്തിന് തയ്യാറാകണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങാതെ സരോജം ലെപ്രസി സാനിേട്ടാറിയത്തിൽ ചികിൽസ തേടുന്നു. ഡോ. തോമസി​​െൻറ പരീക്ഷണ മരുന്ന് സരോജത്തെ രോഗത്തിൽ നിന്നും രക്ഷിച്ചു. രോഗം മാറിയെങ്കിലും വീട്ടുകാരും സമൂഹവും  അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് നഴ്സി​​െൻറ യൂണിഫോമിൽ രോഗികളെ പരിചരിക്കാനായി സരോജം വീണ്ടും സാനിേട്ടാറിയത്തിൽ അഭയം തേടുന്നതാണ് കഥ. 

ഇതിന്‍റെ ഒരു ഘട്ടത്തിൽ സാനിേട്ടാറിയത്തിൽ നിന്നും രക്ഷപ്പെട്ട രോഗിയെ പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭത്തിലാണ് ‘രോഗം ഒരു കുറ്റമാണോ’ എന്ന ചോദ്യം സരോജം ഉയർത്തിയത്. നാടകം പിന്നീട് സിനിമയായും മാറി. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് വരെ നാടകത്തിന് ലഭിച്ചിരുന്നു. തോപ്പിൽ ഭാസി ലെപ്രസി ബോർഡി​​െൻറ ആദരവിനും അർഹനായി.

വസൂരി ദീനം സൃഷ്ടിച്ച സാമൂഹികാവസ്ഥയുടെ ദുരന്തം വി.എസ്. അച്ച്യുതാനന്ദ​​െൻറ ഒാർമകളിലും നിറയുന്നുണ്ട്.  ദീനം ബാധിച്ച മാതാവ് അക്കാമ്മയെ ദൂരെയുള്ള വീട്ടിലേക്ക് മാറ്റിയത് കണ്ണീരോടെ നോക്കിനിൽക്കേണ്ടി വന്ന ബാല്യകാല അനുഭവം തന്‍റെ മനസിലെ നീറ്റലായാണ് അച്ച്യുതാന്ദൻ വിശദീകരിക്കുന്നത്. 

അക്കാലത്ത് രോഗം ബാധിച്ചവരെ ആളൊഴിഞ്ഞ വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചാണ് വസൂരി നിയന്ത്രണത്തിന് ശ്രമിച്ചത്. രോഗികളെ ഉപേക്ഷിച്ച് വീടുകൾ വിട്ട് ഒാടിേപായവരെ കുറിച്ചും പറയുന്നു. രാത്രികളുടെ നിശബ്ദതയിൽ പലരെയും പാതിജീവനോടെ സംസ്കരിച്ച സംഭവങ്ങളും പഴമക്കാരുടെ ഒാർമകളിലുണ്ട്. കോവിഡ് വൈറസിന് മുന്നിൽ ലോകം വിറങ്ങലിച്ച് നിൽക്കുേമ്പാൾ രോഗബാധിതർ കുറ്റവാളികളെ പോലെ തലകുമ്പിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് ഇതെല്ലാം വീണ്ടും ചർച്ചയാകുന്നത്.

Loading...
COMMENTS