ഇന്ന് അഷ്ടമിരോഹിണി
text_fieldsഗുരുവായൂര്‍: കണ്ണെൻറ പിറന്നാൾ നാളിൽ അമ്പാടിയാവാനൊരുങ്ങി ഗുരുപവനപുരി. അഷ്ടമിരോഹിണി ദിനത്തിൽ പതിനായിരങ്ങൾ ഗുരുവായൂരിലേക്കൊഴുകുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് ദീപക്കാഴ്ചയോടെ ആഘോഷങ്ങൾ തുടങ്ങും. രാവിലെ ഏഴിന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളത്തിെൻറ അകമ്പടിയോടെ കാഴ്ചശീവേലി ആരംഭിക്കും. ഗജരത്നം പത്മനാഭൻ തിടമ്പേറ്റും.
രാവിലെ ഒമ്പതിന് അന്നലക്ഷ്മി ഹാളിലും തെക്കെനടയിൽ പ്രത്യേകം ഒരുക്കിയ പന്തലിലുമായി പിറന്നാൾ സദ്യ ആരംഭിക്കും. ആദ്യം നെയ്പ്പായസവും പിന്നീട് പാൽപ്പായസവും വിളമ്പും. മുപ്പതിനായിരത്തോളം പേർക്കാണ് സദ്യ ഒരുക്കുന്നത്. ഉച്ചതിരിഞ്ഞും രാത്രിയും എഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാവും. അത്താഴപ്പൂജയ്ക്ക് വിശേഷ വഴിപാടായ 43,000 ത്തിലേറെ നെയ്യപ്പം നിവേദിക്കും. അത്താഴപ്പൂജക്ക് ശേഷം അപ്പം ഭക്തർക്ക് വിതരണം ചെയ്യും. 4.85 ലക്ഷം രൂപയുടെ പാൽപ്പായസവും അഷ്ടമിരോഹിണി നാളിൽ നിവേദിക്കും. രാത്രി 10.30ന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും.
അവസാന പ്രദക്ഷിണവും മേളവും കഴിയുമ്പോൾ ബുധനാഴ്ച പുലർച്ച 1.30ആകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
