നിയമസഭ തെരെഞ്ഞെടുപ്പിലെ ആസ്തി കുറഞ്ഞ സ്ഥാനാർഥിയായി ആഷ്ന തമ്പി: അക്കൗണ്ടിലും കൈയിലുമായി ആകെയുള്ളത് 84 രൂപ
text_fieldsതിരുവനന്തപുരം: 2026 കേരള നിയമസഭ തെരെഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർഥിയാണ് ആഷ്ന തമ്പി. ഏറ്റുമാനൂർ മണ്ഡലത്തിലെ എസ്.യു.സി.ഐ സ്ഥാനാർഥിയായ ആഷ്നക്ക് 26 വയസ്സ് മാത്രമാണ് പ്രായം. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലം പ്രകാരം ആഷ്നയുടെ കൈവശമുള്ളത് വെറും 84 രൂപ മാത്രമാണ്. സ്വന്തമായി കാര്യമായ സമ്പാദ്യമില്ലാത്തതിനാൽ, ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ആഷ്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത്.
നിലവിൽ കോട്ടയം മെഡിക്കൽകോളജ് പരിസരത്തു നിന്നും പിരിവെടുത്താണ് പ്രചാരണത്തിന്‍റെ പണം സ്വരൂപിക്കുന്നത്. കോടീശ്വരന്മാരായ സ്ഥാനാർഥികൾക്കിടയിൽ ഇത്രയും കുറഞ്ഞ ആസ്തിയുമായി രാഷ്ട്രീയ രംഗത്തിറങ്ങിയ ആഷ്ന തമ്പി സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരത്ത് ആശവർക്കർമാർ സമരത്തിന്‍റെ ഭാഗമായി മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജേണലിസത്തിൽ പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ല കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

