എല്ലാ ആവശ്യങ്ങളും നേടിയെടുത്തെന്ന് ആശമാർ; രാപകൽ സമരം വിജയമെന്ന് എം.എ. ബിന്ദു
text_fieldsതിരുവനന്തപുരം: വേതന വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി ആശപ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ രാപകൽ സമരം വിജയമെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു. എല്ലാ ആവശ്യങ്ങളും നേടിയെടുത്താണ് ആശമാർ സമരം അവസാനിപ്പിക്കുന്നതെന്ന് ബിന്ദു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിവന്ന രാപകൽ സമരം നാളെ ഉച്ചക്ക് 11 മണിക്ക് സമര പ്രതിജ്ഞാ റാലിയോട് കൂടി അവസാനിക്കും. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 21,000 രൂപ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരും. തുടർ സമരത്തിന്‍റെ പ്രവർത്തനം ജില്ലാ തലത്തിലും താഴേതട്ടിലും നടത്താനാണ് തീരുമാനമെന്നും എം.എ. ബിന്ദു വ്യക്തമാക്കി.
അഞ്ച് മാസത്തെ വേതനം കുടിശികയുള്ള പ്പോഴാണ് ആശമാർ സമരം ആരംഭിച്ചത്. എല്ലാ മാസവും വേതനം അഞ്ചാം തീയതിക്കുള്ളിൽ നൽകുക എന്ന ആവശ്യം ആശമാർക്ക് നേടിയെടുക്കാൻ സാധിച്ചു. ഓണറേറിയം ലഭിക്കാനുള്ള 10 മാനദണ്ഡങ്ങൾ പിൻവലിച്ചു. ആശമാരെ 62-ാം വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു. ആശമാരുടെ സേവനം നിർവചിച്ച് കൊണ്ടുള്ള സർക്കുലർ ഇറങ്ങി. 1,500 രൂപ ഫിക്സഡ് ഇൻസെന്‍റീവും10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് 50,000 രൂപ വിരമിക്കൽ ആനുകൂല്യവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
ആശമാർ ആവശ്യപ്പെട്ട് 21,000 രൂപ ഓണറേറിയം കേന്ദ്രം നൽകേണ്ടതെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, മുഖ്യമന്ത്രി വർധന പ്രഖ്യാപിച്ചതോടെ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണെന്ന് വ്യക്തമായി. മുഴുവൻ ഓണറേറിയം കുടിശികയും തരാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. സമരത്തെ തുടർന്ന് ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ തയാറായി. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണെന്ന് സി.ഐ.ടി.യു അംഗീകരിക്കുകയും ചെയ്തു. ഇത്രയും നേട്ടങ്ങൾ 265 ദിവസത്തെ സമരം കൊണ്ട് നേടിയെടുക്കാൻ ആശമാർക്ക് സാധിച്ചെന്നും ബിന്ദു പറഞ്ഞു.
വേതനവർധന അടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി 265 ദിവസമായി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ രാപകൽ സമരമാണ് ആശപ്രവർത്തകർ അവസാനിപ്പിക്കുന്നത്. എട്ടരമാസം നീണ്ട രാപകൽ സമരത്തിനാണ് നാളത്തെ സമര പ്രതിജ്ഞാ റാലിയോട് കൂടി അന്ത്യമാകുന്നത്. കുടുംബസംഗമം, മഹാസംഗമം, നിയമസഭ മാർച്ച്, വനിത സംഗമം, സെക്രട്ടറിയേറ്റ് ഉപരോധം, കൂട്ട ഉപവാസം, മുടിമുറിക്കൽ സമരം, പൗരസാഗരം, രാപകൽ സമരയാത്ര, പ്രതിഷേധ സദസ്, നിരാഹാരസമരം, റിലേ നിരാഹാരസമരം അടക്കം വിവിധ സമരഘട്ടങ്ങളിലൂടെയാണ് ആശപ്രവർത്തകർ കടന്നുപോയത്.
അവസാനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് ആശമാർ മാർച്ച് നടത്തുകയും അത് പൊലീസ് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ആശപ്രവർത്തകർക്ക് ഒരു രൂപ പോലും വേതനം വർധിപ്പിക്കില്ലെന്ന് പറഞ്ഞ സർക്കാറിനെ കൊണ്ട് വേതനം വർധിപ്പിക്കാൻ സാധിച്ചുവെന്നതാണ് സുപ്രധാന നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

