ആശമാർ നിരാഹാര സമരം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: വേതനവര്‍ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ 43 ദിവസം നീണ്ട നിരാഹാര സമരം വ്യാഴാഴ്ച അവസാനിപ്പിച്ചു. സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി നേതാവ് എം.എ. ബിന്ദു പറഞ്ഞു. ജോസഫ് സി. മാത്യു ഇളനീര് നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ രാപകല്‍ സമരം തുടരും. നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഗാന്ധിയൻ ഡോ. എം.പി. മത്തായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാരുടെ രാപ്പകല്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മേയ് അഞ്ചിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും.
സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ സമരം 80 ദിവസം പിന്നിട്ടിരിക്കുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്ഷന് നല്‍കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം. സമരത്തിന്റെ ഭാഗമായി തൊഴിലാളി ദിനത്തിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും അണിനിരന്ന് മേയ് ദിനറാലി സംഘടിപ്പിച്ചു.
‘ഈ മേയ്ദിനം ആശമാർക്കൊപ്പം’ എന്ന് ആഹ്വാനം ചെയ്തുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. കർഷക കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരംചെയ്യുന്ന ആശമാർക്ക് മേയ്ദിനാശംസകൾ നേർന്ന് നടന്ന സമരം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശമാരുടെയും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെയും സങ്കടങ്ങളും അവരുടെ കണ്ണുനീരും ഈ സർക്കാറിനുമേൽ പതിയുമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ കോടികൾ മുടക്കി വാർഷിക ആഘോഷം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ആശാവർക്കർമാർ സമര യാത്ര നടത്തുന്നത്. ഫെബ്രുവരി 10 ന് ആരംഭിച്ച രാപകൽ സമരമാണ് വിവിധ സമരമുറകൾക്ക് ശേഷം നാലാം ഘട്ടത്തിൽ സഞ്ചരിക്കുന്ന സമരം നടത്തുന്നത്.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് സാധാരണക്കാരായ മനുഷ്യർ സമരത്തിന് വലിയ പിന്തുണ നൽകുന്നു. അവർക്ക് എല്ലാവർക്കും തലസ്ഥാനത്തെ സമരവേദി സന്ദർശിക്കാനോ നേരിട്ടു പിന്തുണക്കാനോ കഴിഞ്ഞിട്ടില്ല. നീതിക്കായി നടക്കുന്ന ഈ സഹന സമരത്തെ ഹൃദയത്തോട് ചേർക്കുന്ന മനുഷ്യരെ നേരിട്ട് കണ്ടു ഈ സമരത്തോടൊപ്പം ചേർക്കാൻ കൂടിയാണ് സെക്രട്ടറിയേറ്റ് പടിക്കലെ രാപകൽ സമരം സഞ്ചരിക്കുന്ന സംസ്ഥാന വ്യാപക സമരമായി മാറ്റാൻ തീരുമാനിച്ചത്.
ഈ സമരത്തെ തകർക്കാനും പിന്തുണയ്ക്കുന്നവരെ ഭയപ്പെടുത്താനും സർക്കാരും ഭരണാനുകൂലികളും ആവത് ശ്രമിക്കും എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ആശ വർക്കർമാരും പൊതുസമൂഹവും മുന്നോട്ടുവരുന്നതാണ് ഇനി കേരളം കാണാൻ പോകുന്നത് എന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.
ആശാവർക്കർമാർ മെയ് അഞ്ചിന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന രാപകൽ സമര യാത്ര പ്രത്യാശയുടെ യാത്രയാണ്, അത് എത്തിച്ചേരുന്നത് കുറേ നഗരരങ്ങളിലേക്കല്ല, മറിച്ച് ജനഹൃദയങ്ങളിലേക്കാണെന്ന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പറഞ്ഞു. 81 ദിവസമായി തുടരുന്ന സമരത്തിൽ നിന്ന് സമൂഹത്തിന്റെ പിന്തുണ ഒരു ഊഷ്മമാപിനിയിലെന്ന പോലെ അളന്ന് തിട്ടപ്പെടുത്താനാവും. സമര യാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ സ്ത്രീ വിമോചന സമരത്തിൻ്റെ കരുത്തെന്തെന്ന് ലോകം കാണും.
ഭിക്ഷാംദേഹികളായി വന്ന് നിൽക്കുകയല്ല ആശ വർക്കർമാർ ചെയ്തത് അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, തൊഴിലാളികളെ സമൂഹത്തിൽ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പണി എടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിച്ചാൽ അവർക്ക് സേവന - വേതന വ്യവസ്ഥകളും റിട്ടയർമെൻറ് ആനുകൂല്യവും തൊഴിൽ സുരക്ഷയും നൽകേണ്ടിവരും. ലോകത്തെമ്പാടും രൂപപ്പെട്ടിരിക്കുന്ന പുതിയ വ്യവസ്ഥിതിക്ക് ലാഭമുണ്ടാക്കാനായി തൊഴിലാളി എന്ന വർഗ്ഗത്തെ തൊഴിൽ മാപ്പിൽ നിന്ന് പതിയെ തുടച്ചുനീക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

