സമരം കടുപ്പിക്കാൻ ആശാവർക്കർമാർ; അടുത്ത മാസം മൂന്നിന് നിയമസഭ മാർച്ച്
text_fieldsതിരുവനന്തപുരം: ആശാവർക്കർമാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ചർച്ച ചെയ്യാനോ അംഗീകരിക്കാനോ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ മാർച്ച് മൂന്നിന് സെക്രട്ടറിയേറ്റ് പടിക്കൽ നിന്നും നിയമസഭയിലേക്ക് മാർച്ച് നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് നിയമസഭ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ ആശാവർക്കർമാർ ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതിന്റെ തെളിവാണ് 20-ാം തീയതിയിലെ മഹാ സംഗമത്തിന് എത്തിയ ആശമാരുടെ എണ്ണം കാണിക്കുന്നത്. 17 ദിവസമായി തുടരുന്ന രാപകൽ സമരത്തിന് പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയുടെയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത് മനസ്സിലാക്കിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിനാലാണ് നിയമസഭയിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
സമരത്തെ ആക്ഷേപിച്ചും സാധാരണക്കാരായ ആശാവർക്കർമാരെ ഭയപ്പെടുത്തിയും സമരത്തെ തകർക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഭീഷണി കത്ത് ആശാവർക്കർമാർ തള്ളിക്കളഞ്ഞു. തുടർന്ന് സമരത്തിൽ പങ്കെടുക്കുന്നവരെ പലയിടങ്ങളിലും സർക്കാർ അനുകൂല സംഘടന നേതാക്കൾ വീട്ടിലെത്തിയും ഫോണിൽ ബന്ധപ്പെട്ട് ഭയപ്പെടുത്താനും ശ്രമിച്ചു.
ഇതിലൊന്നും തളരാതെ സമരം ശക്തമായി കൊണ്ടുപോകുന്ന സാഹചര്യത്തിൽ വീണ്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 20ന് നടന്ന മഹാസംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രമുഖർക്കും സമര നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും സമരത്തെ തകർക്കാൻ കഴിയില്ല. ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി വിജയം വരെ മുന്നോട്ടുപോകുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

