ദുഷ്ടലാക്കോടെയുള്ള പരിശീലന പരിപാടികൾ ആശാവർക്കർമാർ ബഹിഷ്ക്കരിക്കും- കെ.എ.എച്ച്.ഡബ്ല്യു.എ
text_fieldsതിരുവനന്തപുരം : ദുഷ്ടലാക്കോടെയുള്ള പരിശീലന പരിപാടികൾ ആശാവർക്കർമാർ ബഹിഷ്ക്കരിക്കുമെന്ന് കെ.എ.എച്ച്.ഡബ്ല്യു.എ. നൂറു ശതമാനം ന്യായമെന്ന് മനസാക്ഷിയുള്ള ഏവരാലും അംഗീകരിക്കപ്പെട്ട ആശസമരം ഒത്തുതീർപ്പാക്കാൻ നടപടികളെടുക്കുന്നതിനു പകരം, ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധസമരം അട്ടിമറിക്കാൻ 17ന് തന്നെ കൈക്കൊണ്ട പാലിയേറ്റീവ് പരിശീലനപരിപാടികൾ ആശ വർക്കർമാർ കൂട്ടമായി ബഹിഷ്ക്കരിക്കുമെന്ന് കെ എ എച്ച് ഡബ്ലിയു എ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
യാതൊരു അടിയന്തിര പ്രാധാന്യമില്ലാത്ത പരിശീലന പരിപാടികൾ മുമ്പൊരിക്കലും ഇല്ലാത്തവിധത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊണ്ട ആരോഗ്യവകുപ്പിൻറെ നടപടിയെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അതിനിശിതമായി അപലപിച്ചു. കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ സ്ത്രീ തൊഴിലാളികൾ നടത്തുന്ന ഒരു സമരത്തെ തകർക്കുന്നതിന് വേണ്ടി അധികാരപ്രമത്തരായവർ നടത്തുന്ന അധികാര ദുർവിനിയോഗത്തിൽ എൻ.എച്ച്.എം ഉദ്യോഗസ്ഥർകൂടി വശംവദരാകുന്നത് എതിർക്കപ്പെടേണ്ടതാണ്.
ഈ നടപടി, ആശാവർക്കർമാരോട് മാത്രമല്ല, ആശാ സമരത്തെ പിന്തുണയ്ക്കുന്ന മുഴുവൻ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ആയതിനാൽ, പരിശീലന പരിപാടികൾ ഉചിതമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ആരോഗ്യവകുപ്പ് തയാറാകണം. ആശാസമരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ചില ഗൂഢശക്തികളുടെ ചട്ടുകമായി ആരോഗ്യവകുപ്പ് മാറരുത്. തിങ്കളാഴ്ച ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ പരിശീലന പരിപാടികളും ബഹിഷ്ക്കരിക്കാൻ അസോസിയേഷൻ ആശാവർക്കർമാരോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

