വനിത ദിനത്തിലും ഭീഷണികളുടെ നടുവിൽ ചാഞ്ചല്യത്തിന്റെ ലാഞ്ചനയില്ലാതെ ഈ വനിതകൾ പ്രക്ഷോഭം തുടരുകയാണ്
text_fieldsകേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിനിടെ ഇന്നലെ വൈകീട്ട് പെയ്ത മഴ നനയാതിരിക്കാൻ പ്രവർത്തകയുടെ ശ്രമം – അരവിന്ദ് ലെനിൻ
തിരുവനന്തപുരം: അതിജീവനത്തിനായുള്ള പെൺപോരാട്ടങ്ങളുടെ പട്ടികയിൽ ജ്വലിക്കുന്ന അടയാളപ്പെടുത്തലാവുകയാണ് തലസ്ഥാനത്തെ ആശ സമരം. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനത്തിനുവേണ്ടി ഇവർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ കഴിയാൻ തുടങ്ങിയിട്ട് 26 ദിവസം പിന്നിടുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായെത്തുന്ന വനിത ദിനത്തിലും ഭീഷണികളുടെയും സമ്മർദങ്ങളുടെയും നടുവിൽ ചാഞ്ചല്യത്തിന്റെ ലാഞ്ചനയില്ലാതെ ഈ വനിതകൾ പ്രക്ഷോഭം തുടരുകയാണ്.
ഈർക്കിൽ സംഘടനയെന്നാക്ഷേപിച്ച് ആശമാരുടെ സമരത്തെ അവഹേളിച്ചവരും പരിഹസിച്ചവരുണ്ട്. ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയും തലക്ക്മുകളിൽ തൂങ്ങുന്നുമുണ്ട്. എങ്കിലും ലക്ഷ്യംകാണാതെ പിൻമാറില്ലെന്നതാണ് അവരുടെ തീരുമാനം. ആശങ്കയുടെ ഉച്ചവെയിലിലും ആശ്വാസത്തിന്റെ അന്തിച്ചുവപ്പാണ് ഈ തൊഴിൽ പോരാട്ടത്തിന്റെ നിശ്ചയദാർഢ്യവും പ്രത്യാശയും. അതേസമയം, സംസ്ഥാനത്തെമ്പാടുംനിന്നുള്ള വനിതകളെയും വനിത സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് വനിത ദിനത്തിൽ ‘വനിത മഹാസംഗമം’ സംഘടിപ്പിക്കുകയാണ് ആശമാർ. ‘വനിത ദിനം ആശമാർക്കൊപ്പം’ എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം.
ആശമാർക്ക് നിലവിൽ പ്രതിദിനം കിട്ടുന്നത് 232 രൂപയാണ്. പകൽ മുഴുവൻ പണിയെടുക്കുന്നതിന് ഏറ്റവും കുറഞ്ഞത് 700 രൂപയെങ്കിലും നൽകണമെന്ന ആവശ്യമാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ (കെ.എ.എച്ച്.ഡബ്യു.എ) നേതൃത്വത്തിലുള്ള ആശ സമരത്തിന്റെ പ്രധാന ആവശ്യം. ഒപ്പം, വിരമിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപ ആനുകൂല്യമായും നൽകണം.
ആശമാരിൽ ഭൂരിഭാഗവും സ്വന്തം വരുമാനംകൊണ്ടുമാത്രം കുടുംബം പോറ്റുന്നവരാണ്. എന്നാൽ ആശ പദ്ധതി കേന്ദ്രസ്കീമാണെന്നും കേന്ദ്ര സർക്കാറാണ് ഓണറേറിയം വർധിപ്പിക്കേണ്ടതെന്നുമാണ് സർക്കാർ നിലപാട്. അതേസമയം ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ആശ വർക്കർമാരുടെ പ്രതിദിന ഓണറേറിയം 700 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്രമാണെങ്കിൽ പിന്നെ സംസ്ഥാനത്തിന്റെ പ്രകടന പത്രികയിൽ എന്തിന് വേതന വർധനവ് ഉൾപ്പെടുത്തി എന്നതാണ് സമരക്കാരുടെ ചോദ്യം. മാത്രമല്ല, പ്രകടനപത്രികയിലെ ഈ പ്രഖ്യാപനം പോസ്റ്റർ സ്വഭാവത്തിൽ പ്രിന്റ് ചെയ്ത് സമരപ്പന്തലിൽ സ്ഥാപിച്ചിട്ടുമുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ ഓണറേറിയവുമായി താരതമ്യംചെയ്ത് കേരളത്തിലേത് മെച്ചപ്പെട്ടതെന്ന് സ്ഥാപിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. സിക്കിമിൽ 10000 രൂപയായി ഓണറേറിയം നിശ്ചയിച്ചുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ ശരിയല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ നിലപാട്. അതേസമയം സിക്കിം സർക്കാർ 10000 രൂപയാക്കി ഓണറേറിയം നിശ്ചയിച്ചതിന്റെ ഉത്തരവടക്കം പുറത്തുവന്നിട്ടുണ്ട്. ആശമാർ സമരം തുടരുന്ന പശ്ചാത്തലത്തിൽ പുതിയ ആളുകളെ നിയമിക്കുന്നതിനുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

