‘ഇതുവരെ കൂട്ടിയത് ഏതെങ്കിലും കമ്മിറ്റിയുടെ ശിപാർശയിലല്ല, ഇനിയും അത് തന്നെ മതി’; ആശ സമരത്തിൽ ഇന്ന് വീണ്ടും ചർച്ച
text_fieldsതിരുവനന്തപുരം: ആശമാരുടെ ഓണറേറിയം പരിഷ്കരിക്കാൻ കമീഷനെ വെക്കുന്നതടക്കമുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഇന്നുവരെ ഓണറേറിയം കൂട്ടിയത് ഒരു കമ്മിറ്റിയെയും വെച്ചിട്ടല്ലെന്നും ഇനി വർധിപ്പിക്കാൻ കമീഷനെ വെക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. ഓണറേറിയം വർധനയിലും വിരമിക്കൽ ആനുകൂല്യങ്ങൾക്കും കമീഷൻ ആവശ്യമില്ലെന്ന് സമരക്കാർ നിലപാടെടുത്തു.
അതിനിടെ, ഇന്നലെ മന്ത്രി തലത്തിൽ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞതിനാൽ സമരം തീർക്കാൻ ഇന്ന് വീണ്ടും ചർച്ച നടക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനടക്കമുള്ള സംഘടനകളുമായാണ് മന്ത്രി വീണ ജോർജ് ഇന്നലെ ചർച്ച നടത്തിയത്. യൂനിയൻ പ്രതിനിധികളുടെ ചർച്ചക്കുശേഷം മന്ത്രി തലത്തിലും വീണ്ടും ചർച്ച നടത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഓൺലൈനായി പങ്കെടുത്തു. കഴിഞ്ഞ രണ്ടു വട്ടവുമെന്ന പോലെ ഒരു തീരുമാനവും ഈ ചർച്ചയിലുമുണ്ടായില്ലെന്ന് സമര സമിതി നേതാക്കളായ വി.കെ. സദാനന്ദനും എം.എ. ബിന്ദുവും എസ്. മിനിയും പറഞ്ഞു.
കമീഷനെ വെക്കാനുള്ള സർക്കാർ തീരുമാനത്തെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഒഴികെ യൂനിയനുകൾ അംഗീകരിച്ചു. രണ്ടു മാസത്തിനു ശേഷം കമീഷനെ വെക്കാമെന്ന് പറയുന്നതിൽ അർഥമില്ലെന്നാണ് സമരസമിതി നിലപാട്. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കമീഷനെ വെക്കാമെന്നാണ് പറയുന്നത്. സമരക്കാരുടെ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നിലപാടില്ല. ഓണറേറിയം 21000 രൂപയാക്കണമെന്ന് പിടിവാശിയില്ല. 3000 രൂപ കൂട്ടി 10000 ആക്കണമെന്ന് പറഞ്ഞിട്ടു പോലും തീരുമാനമായില്ല.
ആശ വർക്കർമാരുടെ സമരം പൂർണമായും ഉൾക്കൊള്ളുന്നെന്ന് പറഞ്ഞ ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരൻ ആശാവഹമായ തീരുമാനമാണ് സർക്കാർ ഭാഗത്തുനിന്നുണ്ടായതെന്നും പ്രതികരിച്ചു. ഓണറേറിയം, വിരമിക്കൽ ആനുകൂല്യങ്ങൾക്ക് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമഗ്ര റിപ്പോർട്ട് മൂന്നു മാസത്തിനകമെന്നാണ് സർക്കാർ മുന്നോട്ട് വെച്ച നിർദേശം. ഐ.എൻ.ടി.യു.സി ഇത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ അനുകൂല നിലപാടുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ആശ വർക്കർമാർ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് ഉപരോധിച്ച് സമരം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

