ആശമാരുടെ സമരം: കണ്ണീരൊപ്പാൻ ചെങ്കൊടിയുണ്ടോയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ആശമാരുടെ കണ്ണീരൊപ്പാൻ ചെങ്കൊടിയുണ്ടോയെന്ന് പ്രതിപക്ഷം. എസ്.യു.സി.ഐക്കാർ സി.പി. എമ്മിനെ കമ്യൂണിസം പഠിപ്പിക്കേണ്ടെന്ന് ഭരണപക്ഷം. ആരോപണ, പ്രത്യാരോപണങ്ങളിൽ വീണ്ടും ആശ സമരം നിയമസഭയിൽ വാക്പോരിന് വഴിമാറി. ആശമാരെ എല്ലാവരും ആദരിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാറിന്റെ തലയിലേക്ക് സ്കീം വർക്കർമാരുടെ ചുമതല അടിച്ചേൽപിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും കെ.വി. സുമേഷ് പറഞ്ഞു. സമരത്തിന്റെ മറവിൽ മഴവിൽ സഖ്യമായി രൂപപ്പെട്ട് ഇടതു സർക്കാറിനെ അപകീർത്തിപ്പെടുത്തുകയാണെന്നും സുമേഷ് കുറ്റപ്പെടുത്തി.
ദേശീയ തലത്തിൽ ഐ.എൻ.ടി.യു.സിയും എച്ച്.എം.എസും സി.ഐ.ടി.യുവും എ.ഐ.യു.ടി.യു.സിയുമെല്ലാം ചേർന്ന് വലിയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എ.ഐ.യു.ടി.യു.സി, ഭരണപക്ഷം ആക്ഷേപിക്കുന്ന എസ്.യു.സി.ഐയുടെ തൊഴിലാളി സംഘടനയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പി സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നത് തൊഴിലാളി സംഘടനകൾ ഒന്നിച്ചുനിന്നാണ്. കേരളത്തിൽ എസ്.യു.സി.ഐ ഉന്നയിക്കുന്നത് ശരിയായ ആവശ്യമാണെന്നതു കൊണ്ടാണ് ഞങ്ങൾ പിന്തുണ കൊടുത്തത്. 10 വർഷം മുമ്പ് നിയമസഭയിൽ എളമരം കരീം ആവശ്യപ്പെട്ടതും ആശമാരുടെ ഓണറേറിയം 10000 രൂപയാക്കണമെന്നായിരുന്നെന്നും സതീശൻ പറഞ്ഞു.
ദേശീയ പണിമുടക്കും ആശ സമരവും താരതമ്യം ചെയ്യാനാവില്ലെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ആശ സമരത്തെ ആഗോള പ്രശ്നമായി ഉയർത്തി ആവശ്യങ്ങളെ അവഗണിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളികളിൽനിന്ന് മധ്യവർഗത്തിലേക്ക് ചുവടുമാറുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
മാധ്യമങ്ങളടക്കം എല്ലാവരും ആശ സമരത്തെ താങ്ങുകയാണെന്നും സർക്കാറിനെ അട്ടിമറിക്കാൻ സാമ്പത്തിക സഹായം വരെ നൽകുന്നവരുണ്ടെന്നും എ. പ്രഭാകരൻ ആരോപിച്ചു.
ആശ സമരം ബി.ബി.സി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബി.ബി.സി വാർത്തകൾ വലിയ പി.ആറിന് ഉപയോഗിക്കുന്ന സർക്കാർ ഈ വാർത്ത കണ്ടെങ്കിലും സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

