പൊള്ളുന്ന വെയിലത്തും വാടാതെ ‘ആശ’മാർ
text_fieldsഓണറേറിയത്തിലെ വർധന ആവശ്യപ്പെട്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരവേദിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രവർത്തകരോട് സംസാരിക്കുന്നു
തിരുവനന്തപുരം: മന്ത്രിമാരും സർക്കാറും തള്ളിപ്പറഞ്ഞിട്ടും തളരാതെ ആശ വർക്കർമാരുടെ സമരം 13ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പിന്തുണയുമേറുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് പൊളിക്കാൻ സർക്കാറും സി.ഐ.ടി.യുവും ശ്രമിക്കുമ്പോഴും ജനകീയ പിന്തുണ ഏറുകയാണെന്ന് കോഡിനേറ്റർ എസ്. മിനി ‘മാധ്യമ’ത്തോട് പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവർമാർ കഞ്ഞിവെക്കാൻ അരിയും വിറകും നൽകി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പുറമെ വഴിയാത്രക്കാരും ബസ് ജീവനക്കാരുമുൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള വരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും മിനി പറഞ്ഞു.
ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്. നിത്യവൃത്തിക്കുപോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
ആശാവര്‍ക്കര്‍മാരെ കൈവിട്ടത് ക്രൂരമായിപ്പോയെന്നും സമരത്തിന് കെ.പി.സി.സിയുടെ പിന്തുണയുണ്ടെന്നും സമരവേദി സന്ദശിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഇടയില്‍ പാലം പണിയുന്ന പ്രഫ. കെ.വി. തോമസിന്റെ യാത്രാബത്ത അഞ്ച് ലക്ഷം രൂപയില്‍നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാവപ്പെട്ട ആശാവര്‍ക്കര്‍മാരുടെ 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.ജയന്ത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലീബ്, ആറ്റിപ്ര അനില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.ആശാവർക്കർമാരുടെ ആവശ്യം ന്യായമാണെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോടുള്ള നിഷേധാത്മക സമീപനം കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

