ചേർപ്പിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ; സഹോദരൻ അറസ്റ്റിൽ
text_fieldsചേർപ്പ്: മുത്തുള്ളിയാൽ തോപ്പിൽ ഒഴിഞ്ഞപറമ്പിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. തോപ്പ് കൊട്ടെക്കാട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവാണ് (28) മരിച്ചത്. സഹോദരൻ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 15നാണ് ബാബുവിനെ കാണാതായത്. വീട്ടുകാർ ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ നാട്ടുകാരിലൊരാൾ പറമ്പിലൂടെ പോകുമ്പോൾ ഒരു ഭാഗത്ത് മണ്ണ് ഇളകിക്കിടക്കുന്നും നായ്ക്കൾ ചിക്കിച്ചികയുന്നതും കണ്ട് സംശയം തോന്നി. നാട്ടുകാർ മണ്ണ് നീക്കിയപ്പോൾ കട്ടകൾ വിരിച്ചതായി കണ്ടതിനെ തുടർന്ന് ചേർപ്പ് പൊലീസിൽ അറിയിച്ചു. പൊലീസെത്തി മണ്ണും കട്ടകളും നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മുകളിൽ കുമ്മായം കലക്കി ഒഴിച്ചിരുന്നു. തൃശൂരിൽനിന്ന് ആർ.ഡി.ഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ബാബുവും സഹോദരനും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീട്ടിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് പറയുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ പത്മാവതിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ റേഞ്ച് ഡി.ഐ.ജി എ. അക്ബർ, റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ, ചേർപ്പ് സി.ഐ ടി.വി. ഷിബു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് നടപടികൾ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

