പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി 16 ന് രാത്രി മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ ഭാഗമായി 16 ന് രാത്രി മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം. ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായുള്ള ഉന്നതതലയോഗത്തിലാണ് തീരുമാനം. ഗുരുവായൂരിൽ കലക്ടറും സ്പെഷൽ പ്രോട്ടക്ക്ഷൻ ഗൂപ്പ് അടങ്ങുന്ന ഉന്നതതല യോഗമാണ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന 17 ന് രാവിലെ ആറ് മുതൽ ഒമ്പത് വരെ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണമുണ്ടാകും. ഈ സമയത്ത് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം എന്നീ വഴിപാടുകൾ അനുവദിക്കില്ല. ഈ ദിവസം 76 വിവാഹങ്ങളാണ് ഇന സമയം വരെ ശീട്ടാക്കിയിട്ടുള്ളത് ' രാവിലെ അഞ്ചു മുതൽ ഏഴ് വരെ 23 വിവാഹങ്ങൾ നടക്കും.
എന്നാൽ, വിവാഹങ്ങൾ ഒന്നും തന്നെ മാറ്റി വച്ചിട്ടില്ല എന്ന് ദേവസ്വം അറിയിച്ചു. ഏഴ് മുതൽ ഒമ്പത് വരെ 11 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഈ സമയത്താണ് പ്രധാന മന്ത്രിയുടെ സന്ദർശനം. രാവിലെ എട്ടിനുശേഷം പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തി 8.45 ന് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനായി നടയിൽ സ്ഥാപിച്ചിരിക്കുന്ന നാലു കല്യാണ മണ്ഡപങ്ങളിലെ ഏറ്റവും ആദ്യത്തെ കല്യാണ മണ്ഡപത്തിൽ പ്രധാനമന്ത്രി എത്തും.
ഈ സമയം മറ്റു മൂന്ന് കല്യാണ മണ്ഡപങ്ങളിലും വിവാഹങ്ങൾ നടക്കുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്. ഒമ്പത് മുതൽ 10 വരെ 18 വിവാഹങ്ങളാണ് നടക്കുക. പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തുന്ന സമയം അത്യവശ്യം വേണ്ട ജീവനക്കാർ മാത്രമേ ക്ഷേത്രത്തിൽ ഉണ്ടാകൂ. ദർശനത്തിനു ശേഷം തുലഭാരം ഉണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2008 ജനുവരി 13 ന് എത്തിയപ്പോഴും പിന്നീട് പ്രധാന മന്ത്രിയായി 2019 ജൂൺ എട്ടിന് എത്തിയപ്പോഴും താമര പൂക്കൾ കൊണ്ട് തുലാഭാരം നടത്തിയുരുന്നു. അതുകൊണ്ട് ഇക്കുറിയും തുലാഭാരം ഉണ്ടാകുമെന്ന് കരുതി താമരപൂക്കൾ കരുതുന്നു. 17 ന് പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി 16 ന് രാത്രി മുതൽ തന്നെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഇന്നർ റിങ്ങ് റോഡിൽ പ്രവേശിപ്പിക്കില്ല. ബസുകൾക്കും മറ്റു വാഹനങ്ങളും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു ശേഷം റോഡു മാർഗം പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രവും ദർശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

