ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്
text_fieldsതിരുവനന്തപുരം: നിലമ്പൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ ആര്യാടൻ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെംബേഴ്സ് ലോഞ്ചില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുമ്പാകെ, ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജന്, നിയമസഭ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞക്കുശേഷം ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും തുടർന്ന് സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരും ഷൗക്കത്തിന് പൂച്ചെണ്ട് സമ്മാനിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ഫോട്ടോക്കും പോസ് ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും യു.ഡി.എഫ് എം.എൽ.എമാരും വിവിധ ജില്ലകളിൽ നിന്നെത്തിയ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു. ഷൗക്കത്തിന്റെ കുടുംബാംഗങ്ങളും നിലമ്പൂരിൽ നിന്നുള്ള പ്രവർത്തകരും ചടങ്ങ് വീക്ഷിക്കാനെത്തി.
സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോൾ തന്റെ പിതാവിനെ ഓർക്കുകയാണെന്ന് ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പിതാവിനെ പോലെ പ്രവർത്തിക്കണമെന്നാണ് എല്ലാവരും പറയുന്നത്. കഴിവിന്റെ പരമാവധി അതിനായി പരിശ്രമിക്കും. തെരഞ്ഞെടുത്ത ജനങ്ങളോടും പാർട്ടിയോടും മുന്നണിയോടും കൂറുള്ള എം.എൽ.എയായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. നിലമ്പൂരിൽ പരാജയപ്പെട്ടപ്പോഴും ജനങ്ങളുടെ ഒപ്പമായിരുന്നു. ഇനിയും അത് തുടരും. യു.ഡി.എഫ് കൊണ്ടുവന്ന പല പദ്ധതികളും പൂർത്തിയാക്കാതെയുണ്ട്. അത് പുനരാരംഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതോടൊപ്പം വന്യമൃഗശല്യമടക്കം ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
ഷൗക്കത്ത് ഇന്ദിര ഭവനിൽ; സ്നേഹവരവേൽപ്
തിരുവനന്തപുരം: നിലമ്പൂരിലെ വിജയത്തിനുശേഷം ആര്യാടൻ ഷൗക്കത്ത് കെ.പി.സി.സി ഓഫിസിലെത്തി. രാഷ്ട്രീയകാര്യ സമിതിക്കായി നേതാക്കളെല്ലാം ഇന്ദിര ഭവനിലുള്ള അവസരത്തിലായിരുന്നു സന്ദർശനം. ഡയസിലേക്ക് കടന്നുവന്ന ഷൗക്കത്ത് സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫിനെ ആലിംഗനം ചെയ്തു. ശേഷം ഫോട്ടോക്കായി നേതാക്കൾക്കൊപ്പം ചേർന്ന് നിന്നു. ഫോട്ടോക്ക് ശേഷം വന്ന വഴി തിരിച്ചു പോകാനൊരുങ്ങവേ സതീശൻ തടഞ്ഞു, ‘ഇത് വഴി പോകൂ’വെന്നും ആവശ്യം. കെ. മുരളീധരനും രമേശ് ചെന്നിത്തലയും എ.പി. അനിൽകുമാറുമടക്കം നിൽക്കുന്ന ഭാഗത്തേക്ക് ചൂണ്ടിയായിരുന്നു സതീശന്റെ നിർദേശം. നിറഞ്ഞ ചിരിയോടെ ഷൗക്കത്ത് നേതാക്കൾക്കടുത്തേക്ക് നീങ്ങി. ‘എം.എൽ.എ കറുത്ത ഉടുപ്പിലാണല്ലോ’ എന്ന് കൂട്ടത്തിലൊരു കമന്റ്. ‘അല്ല, നീല നിറമാണെന്ന്’ സതീശന്റെ തിരുത്ത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ആര്യാടൻ വന്നത് പോലെ -ആന്റണി
സത്യപ്രതിജ്ഞക്ക് മുമ്പ് മുതിർന്ന നേതാവും പിതാവിന്റെ ഉറ്റ സുഹൃത്തുമായ എ.കെ. ആന്റണിയെയും ഷൗക്കത്ത് സന്ദർശിച്ചു. ‘ജൂനിയർ ആര്യാടന് എന്റെ വക ഒരു ഷാൾ’ എന്ന് പറഞ്ഞായിരുന്നു ആൻറണി ഷൗക്കത്തിനെ സ്വീകരിച്ചത്. ‘ഏറ്റവും അടുത്ത സഹപ്രവർത്തകന്റെ മകനാണ്. ആര്യാടൻ ഇല്ലാതെ ഷൗക്കത്തിന്റെ പേര് പറയില്ല. ആര്യാടൻ ജൂനിയറാണിത്. ആര്യാടൻ തിരിച്ചുവന്നതുപോലെ തനിക്ക് തോന്നി. ആര്യാടനപ്പോലെ ജനകീയനായി പ്രവർത്തിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എപ്പോഴും ജനങ്ങൾക്കൊപ്പം നിലകൊള്ളണം. നിയമസഭയിൽ നല്ല ഗൃഹപാഠംചെയ്ത് എത്തണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

