അൻവറിനെ തള്ളി യു.ഡി.എഫ്; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയായേക്കും
text_fieldsമലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ യു.ഡി.എഫ് സ്ഥാനാർഥിയാകും. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്നാണ് യു.ഡി.എഫ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ അറിയിച്ചു. നിലമ്പൂരിൽ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും യോഗത്തിൽ വിലയിരുത്തി.
അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. അതിനിടെ അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അൻവറിന് തിരിച്ചടിയായി
ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു നേരത്തേ അൻവർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മലക്കം മറിയുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിലെ അതൃപ്തിയും അൻവർ പരസ്യമാക്കിയിരുന്നു. പകരം വി.എസ്. ജോയിയുടെ പേരാണ് അൻവർ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

