ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്..!; താൽപര്യം പാർട്ടി പരിഗണനയിൽ
text_fieldsആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ താമസവും രാഷ്ട്രീയ പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാൻ ഒരുങ്ങുന്നു. കോഴിക്കോട് ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിന്റെ ജീവിതപങ്കാളിയായ ആര്യ തന്റെ താൽപര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സി.പി.എം നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചായിരിക്കും ആര്യയുടെ ഇനിയുള്ള രാഷ്ട്രീയ പ്രവർത്തനം.
സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമായിരുന്നു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചത്. മികച്ച മേയറാണ് ആര്യ എന്ന് സി.പി.എം അവകാശപ്പെട്ടിരുന്നെങ്കിലും വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടില്ല.
2020-ൽ 21-ാം വയസ്സിൽ മേയർ സ്ഥാനമേറ്റ ആര്യ രാജേന്ദ്രൻ, 2022 സെപ്റ്റംബറിലാണ് എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവിനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. സി.പി.എം ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ.
കഴിഞ്ഞ ദിവസം, തിരുവനന്തപുരം കോർപറേഷനിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിനു പിന്നാലെ മേയർ പദവയിലേക്കുള്ള യാത്രയും ജീവിതവും പങ്കുവെക്കുന്ന ഫേസ് ബുക് കുറിപ്പെഴുതിയിരുന്നു മേയർ ആര്യ രാജേന്ദ്രൻ. ബാലസംഘവും എസ്.എഫ്.ഐയും ഉൾപ്പെടെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിനിടെ 21ാം വയസ്സിൽ അപ്രതീക്ഷിതമായി സ്ഥാനാർഥിയാവുന്നതും, രാജ്യം തന്നെ ശ്രദ്ധിച്ച തീരുമാനത്തിലൂടെ മേയർ പദവിലെത്തുന്നതും ഉൾപ്പെടെ യാത്ര അനുസ്മരിച്ചുകൊണ്ടായിരുന്നു കുറിപ്പ്. സാധാരണ കുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് വെല്ലുവിളികൾ ഏറെയുള്ള നഗര അധ്യക്ഷ പദവിയിലെ കാലാവധി പൂർത്തിയാക്കിയിറങ്ങുമ്പോൾ പിന്തുണച്ചവർക്കും രാഷ്ട്രീയ നേതൃത്വത്തിനും സർക്കാറിനും സഹകൗൺസിലർമാർക്കും നന്ദി പറയുന്നതാണ് കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

