അന്‍സര്‍ സൂഫി പറയുന്നു; ജീവിതമാണ് വര
text_fieldsകോഴിക്കോട്: വരയില്‍ വലിയ ഗുരുക്കന്മാരില്ല. ആര്‍ട്ട് ഗാലറികളില്‍ അലഞ്ഞുതിരിഞ്ഞ ജീവിതവുമില്ല. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ദുരിതപ്പാച്ചിലിനിടയിലും മനസ്സില്‍ സൂക്ഷിച്ചുവെച്ച വര്‍ണങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്താനുള്ള അഭിനിവേശം. അതാണ് ഇദ്ദേഹത്തെ ചിത്രകാരനാക്കിയത്. പേര്: അന്‍സര്‍ സൂഫി. ജോലി: കെ.എസ്.ആര്‍.ടി.സിയില്‍ പെയിന്‍റര്‍.
സ്പ്രേ ഗണ്ണിന്‍െറ സുഷിരങ്ങള്‍ ഭേദിച്ച് ചായക്കൂട്ടുകള്‍ ബസുകളെ നിറമണിയിക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് ലോകത്തിന്‍െറ ദുരിതങ്ങളുടെയും സൈന്യത്തിന്‍െറ ദൈന്യതയുടെയും തെരുവിലാക്കപ്പെട്ടവരുടെ വിഹ്വലതകളുടെയും ചിത്രങ്ങള്‍. അല്‍പകാലം യൂനിവേഴ്സല്‍ ആര്‍ട്സില്‍നിന്ന് വര അഭ്യസിച്ചത് മാത്രമാണ് കലാരംഗത്തെ പഠനം. ജീവിത പ്രാരബ്ധത്തില്‍ 10ാം തരത്തില്‍ പഠനം നിര്‍ത്തി.
ഹോര്‍ഡിങ്ങുകളും നെയിംബോര്‍ഡുകളും എഴുതിയായിരുന്നു പിന്നീട് ജീവിതം. കുടുംബഭാരം പേറി ഗള്‍ഫിലേക്ക് വണ്ടി കയറിയതോടെ കലയുടെ ആഹ്ളാദങ്ങള്‍ മാറ്റിവെക്കേണ്ടിവന്നു. 2016ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ പെയിന്‍ററായി ജോലി ലഭിച്ചതോടെയാണ് വീണ്ടും വര്‍ണങ്ങളുടെ ലോകം തിരിച്ചുപിടിച്ചത്.
വരച്ചവ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അഭിനന്ദനങ്ങളുമായി ഏറെ പേരത്തെി. സഹജീവനക്കാരും കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ സഫലറുല്ല അടക്കമുള്ളവരും പ്രോത്സാഹിപ്പിച്ചപ്പോള്‍ ചിത്രപ്രദര്‍ശനം എന്ന ലക്ഷ്യം സഫലമായി.
40 ചിത്രങ്ങളും അഞ്ച് ശില്‍പങ്ങളുമടങ്ങുന്ന അന്‍സറിന്‍െറ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 18 മുതല്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവിതം പ്രമേയമാക്കി ചിത്രപ്രദര്‍ശനം ലക്ഷ്യമിടുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. 18ന് വൈകീട്ട് നാലിന് കോഴിക്കോട് ചിത്രകലാ ആര്‍ട്ട് ഗാലറിയില്‍ ചിത്രകാരി കബിതാ മുഖോപാധ്യായ ഉദ്ഘാടനം ചെയ്യും. 22 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
