തൃശൂർ: വാഹന പരിശോധനക്ക് നിർമിത ബുദ്ധി പോലുള്ള അത്യാധുനിക മാർഗങ്ങൾ അവലംബിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. രാമവർമപുരം പൊലീസ് അക്കാദമിയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരുടെ പുതിയ ബാച്ചിെൻറ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പരിശോധനയിൽ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാം. ഇതിന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കേണ്ടതില്ല. ഗതാഗത തടസ്സം ഒഴിവാക്കാം, ജനത്തിനെ ബുദ്ധിമുട്ടിക്കാതെ നോക്കുകയും ചെയ്യാം.
പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊതുസേവന വാഹനങ്ങളിൽ ‘വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ’ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് പ്രവർത്തന സജ്ജമായി വരികയാണ്. യാത്രക്കാർക്കും ജനങ്ങൾക്കും ഈ സംവിധാനം ഉപയോഗിച്ച് ആംബുലൻസ്, ഫയർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദുരന്ത നിവാരണ സേന തുടങ്ങിയ സർക്കാർ സംവിധാനങ്ങളിലേക്ക് ഒരേസമയം മുന്നറിയിപ്പ് നൽകാനാവും. ഇതര സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
85 അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരാണ് പരിശീലനം പൂർത്തിയാക്കിയത്. മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ട്രാൻസ്‌പോർട്ട് കമീഷണർ ആർ. ശ്രീലേഖ, ഡി.ഐ.ജി (ട്രെയിനിങ്) അനൂപ് കുരുവിള ജോൺ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കേഡറ്റുകൾക്ക് മന്ത്രി ഉപഹാരം നൽകി.