പാതാളത്തോളം താഴ്ന്നാലും പീഡനം
text_fieldsനഴ്സുമാരെ അടിമപ്പണി ചെയ്യിക്കുകയാണ് സ്വകാര്യ മാനേജ്മെൻറുകൾ. ഒപ്പം, ചെയ്യാത്ത തെറ്റിനുപോലും ശകാരവർഷവും. ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഐ.വി ബോട്ടിലിൽ തീയതി അടയാളപ്പെടുത്തിയില്ല എന്നുതുടങ്ങി തൊട്ടതിനും പിടിച്ചതിനും ചീത്ത വിളിക്കുന്ന നഴ്സിങ് സൂപ്രണ്ടുമാർ. സീനിയർമാരുടെ ശകാരം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ചുപോയവർ നിരവധി. എന്നാൽ, ഒരാവേശത്തിന് ജോലി ഇട്ടുപോയാൽ എങ്ങനെ കുടുംബം പോറ്റും, വായ്പ തിരിച്ചടക്കും എന്ന ആധിയിൽ എല്ലാം സഹിച്ച് കണ്ണീർ തൂവുന്നവരാണ് 99 ശതമാനവും.
‘‘പണിയെടുത്താലും ഇല്ലെങ്കിലും ചെയ്ത പണിയിൽ ചെറിയ തെറ്റുവന്നാലും കൂടെയുള്ളൊരാൾ തെറ്റുവരുത്തിയാലുമെല്ലാം നമുക്കാണ് ചീത്ത. ഒന്നു പറഞ്ഞ് രണ്ടാമത്തതിന് വീട്ടിലിരിക്കുന്ന മാതാപിതാക്കളെ സ്മരിക്കും. മിക്കവരുടെയും സ്ഥിതി ഇതുതന്നെയാണ്. തിരിച്ചു ശബ്ദിച്ചാൽ ഭീഷണിയായിരിക്കും, അസഭ്യവർഷമായിരിക്കും. അതുകൊണ്ട് സഹിക്കുന്നതാ...’’ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിെൻറ വാക്കുകളാണിത്.
വൈദ്യുതി മുടങ്ങിയാലും കൊതുകു കടിച്ചാലും ഡോക്ടർ എത്തിയില്ലെങ്കിലും നഴ്സുമാരാണ് കുറ്റക്കാർ. ഒരു നിമിഷം വൈകിയാൽ മതി രോഗികളുടെ കൂട്ടിരിപ്പുകാർ ചീത്ത വിളിക്കാൻ. ശുചീകരണ ജീവനക്കാർക്ക് പറ്റുന്ന പിഴവിനുപോലും നഴ്സുമാരുടെ മെക്കിട്ടുകയറും.
പുരുഷ നഴ്സുമാരോ, വേണ്ടേ വേണ്ട...
എത്ര ചീത്ത വിളിച്ചാലും കഷ്ടപ്പെടുത്തിയാലും പെൺകുട്ടികൾ പ്രതികരിക്കില്ല എന്ന ബോധ്യത്തിലാണ് പെൺനഴ്സുമാർക്ക് സ്വകാര്യ ആശുപത്രി മാനേജ്മെൻറ് മുൻഗണന നൽകുന്നത്. ആൺകുട്ടികളാണെങ്കിൽ തിരിച്ചെന്തെങ്കിലും പറയും, സഹികെട്ടാൽ പ്രതിഷേധിക്കും. അതുകൊണ്ട് പുരുഷ നഴ്സുമാരെ പടിക്കുപുറത്ത് നിർത്താനാണ് മിക്ക മാനേജുമെൻറുകൾക്കും താൽപര്യം.
അവധിയെക്കുറിച്ച്
മിണ്ടരുത്
രോഗം ബാധിച്ച് ഒരുദിവസം ലീവെടുത്താൽ രണ്ടുദിവസത്തെ വേതനം കട്ട് ചെയ്യുന്ന ആശുപത്രികളുണ്ട്. തുടർച്ചയായി അഞ്ചുദിവസം ലീവെടുത്താൽ പത്തുദിവസത്തെ വേതനം നഷ്ടമാവും. 6500 രൂപയിൽ മെസ്ഫീയും ഹോസ്റ്റൽ ഫീസുമെല്ലാം പിടിച്ച് കൈയിൽ കിട്ടുന്നത് 4000 രൂപയൊക്കെയായിരിക്കും. അതിൽനിന്ന് ഇൗ കട്ടിങ് കൂടി വന്നാൽ അസുഖം വന്നാലും ജോലിക്കുകയറുന്നവരാണ് ഏറെയും.
ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ഒരുമാസത്തിൽ അവധി കൂട്ടിവെച്ച് ഒരുമിച്ചാണ് നാട്ടിലേക്കു പോവുക. എന്നാൽപോലും വീട്ടിെലത്തി രണ്ടുദിവസം കഴിയുമ്പോഴേക്ക് തിരിച്ചുമടങ്ങാറാകും. ഹോസ്റ്റലിലെയും സ്ഥിതി ദയനീയം തന്നെ. വായിൽവെക്കാനാവാത്ത ഭക്ഷണവും ശുദ്ധീകരിക്കാത്ത വെള്ളവുമാണ് പലർക്കും കിട്ടുന്നത്. മൂന്നു കട്ടിലുകൾ ഇടാൻ ഇടമുള്ള മുറിയിൽ നാല് ഡബ്ൾ ഡെക്കർ കട്ടിലിട്ട് എട്ടുപേർ കിടക്കേണ്ട ദുരവസ്ഥ പോലുമുണ്ട്. മൂന്നും നാലും മുറിയിലുള്ളവർക്ക് ഒറ്റ ബാത്ത് റൂമായിരിക്കും പൊതുവായി ഉണ്ടാവുക. എല്ലായിടത്തും ഇതല്ല സ്ഥിതിയെങ്കിലും മിക്കയിടത്തും ദയനീയമാണ് കാര്യങ്ങൾ.
അസുഖം വന്നാൽപോലും ആശുപത്രിയിലെ ജീവനക്കാരി എന്ന പരിഗണനയുണ്ടാവില്ല. മരുന്നുവാങ്ങാൻ മൂന്നു ശതമാനം മാത്രമാണ് ഇളവ്. മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ഒരാശുപത്രിയിൽ നിരവധി നഴ്സുമാർ ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലാണ്. ജോലിചെയ്യുന്ന പല യൂനിറ്റുകളിലും ഇവർക്ക് ഇരിക്കാൻ കസേര പോലുമില്ല. മണിക്കൂറുകളോളം തുടർച്ചയായിനിന്ന് നട്ടെല്ലിനെ ബാധിക്കുന്ന ഇൻറർവെർട്ടിബ്രൽ ഡിസ്ക് പ്രൊലാപ്സ് (ഐ.വി.ഡി.പി) ബാധിച്ചവരാണ് ഏറെപ്പേരും.
രോഗികളുടെ കൂട്ടിരിപ്പുകാരിൽനിന്നും ആശുപത്രി അധികൃതരിൽനിന്നുമുണ്ടാകുന്ന മോശം അനുഭവം സുഹൃത്തുക്കളോടുപോലും പങ്കുവെക്കാത്ത പെൺകുട്ടികളുണ്ട്. എത്ര അപമാനം സഹിച്ചാലും നീ അവിടെത്തന്നെ പിടിച്ചുനിൽക്കൂ മോളെ എന്ന വീട്ടുകാരുടെ സമ്മർദം കൊണ്ട് ക്ഷമിച്ചുകഴിയുന്നവരുമുണ്ട്. ചില ആശുപത്രികളിൽ തുടക്കക്കാരിൽ നിന്ന് ആദ്യത്തെ ആറുമാസം 1000 രൂപ പിടിക്കുന്ന പതിവുണ്ട്. ജോലി വിട്ടുപോവുന്നതിന് ഒരുമാസം മുമ്പെങ്കിലും അറിയിക്കണം. നോട്ടിസിങ് പിരിയഡ് ഇല്ലാതെ രാജിവെച്ചാൽ ഒരു മാസത്തെ ശമ്പളം അങ്ങോട്ടു നൽകുകയും വേണം. എന്നാൽ, ഈ കാര്യങ്ങളൊന്നും ജോലിയിൽ പ്രവേശിക്കുമ്പോൾ അറിയിക്കുന്നില്ലെന്നതാണ് പരിതാപകരം. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങൾ കാരണം ഒരു രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ടെങ്കിൽ, ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിടരുന്നുണ്ടെങ്കിൽ അത്രയെങ്കിലുമായല്ലോ എന്ന് സംതൃപ്തിയടയുന്നവരാണ് ഏറെപ്പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
