വായിൽ മീൻമുള്ള് കൊണ്ട് ആശുപത്രിയിൽ എത്തി; എക്സ്റേ മെഷീൻ തട്ടി പെൺകുട്ടിയുടെ നടുവൊടിഞ്ഞു
text_fieldsRepresentational Image
ആറ്റിങ്ങൽ: വായിൽ മീൻമുള്ള് കൊണ്ട് സർക്കാർ ആശുപത്രിയിൽ എത്തിയ പെൺകുട്ടി എക്സ്റേ എടുക്കുന്നതിനിടെ മെഷീൻ കൊണ്ട് നടുവൊടിഞ്ഞ് കിടപ്പിലായി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ് ചികിത്സയിലായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
മീൻമുള്ള് കുടുങ്ങിയ അസ്വസ്ഥതയുമായി ആശുപത്രിയിൽ ഇ.എൻ.ടി ഡോക്ടറെ കണ്ടപ്പോൾ എക്സ്റേ എടുക്കാൻ നിർദേശിച്ചു. എക്സ്റേ എടുക്കവെ മെഷീന്‍റെ ഒരു ഭാഗം നടുവിന്‍റെ ഭാഗത്ത് ശക്തിയായി ഇടിച്ചു. ഇതോടെ ശരീരമാസകലം പെരുപ്പും തുടർന്ന് നടക്കാൻ കഴിയാതെയുമായി. നിലവിളികേട്ട് എത്തിയ മാതാവ് താങ്ങിയാണ് മകളെ പുറത്ത് എത്തിച്ചത്.
ഓർത്തോ ഡോക്ടറുടെ നിർദേശാനുസരണം വീണ്ടും എക്സ്റേ എടുത്തു. നടുവിന്‍റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് ഇതിൽ കണ്ടെത്തി. ചെറിയ പോറൽ മാത്രമേയുള്ളൂ ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച് മരുന്ന് നൽകി വിട്ടയച്ചു. ഡോക്ടർമാർ നിസ്സാരമായാണ് പറഞ്ഞതെങ്കിലും ഫൈനൽ സെമസ്റ്റർ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയായ ആദിത്യക്ക് ഡോക്ടർമാർ തമ്മിലെ സംഭാഷണത്തിൽനിന്ന് പരിക്കിന്‍റെ ഗൗരവസ്വഭാവം മനസ്സിലായി.
എക്സ്റേ റിപ്പോർട്ട് ഉൾപ്പടെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ നടുവിലെ എല്ലിൽ പൊട്ടൽ സ്ഥിരീകരിച്ചു. അന്നുതന്നെ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. അങ്ങനെ ഒരു അപകടം ഉണ്ടാകാൻ സാധ്യതയില്ലെന്നും വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാമെന്നും പറഞ്ഞ് മടക്കി അയച്ചു. എച്ച്.എം.സിക്കും പരാതി നൽകി. എന്നാൽ, എക്സ്റേ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം മാത്രമാണ് ആശുപത്രി അധികൃതരിൽനിന്ന് ഉണ്ടായതെന്ന് ലത പറയുന്നു.
തുടർന്ന് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എം.എൽ.എക്കും പൊലീസിലും പരാതി നൽകി. ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണത്രെ ശ്രമിച്ചത്. പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. അഴൂർ പി.എച്ച്.സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടുനീങ്ങിയിരുന്നത്. മകൾ കിടപ്പിലായതോടെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

