ശ്രീറാം വെങ്കിട്ടരാമന്റെ വരവ്; അനക്കമില്ലാതെ ആലപ്പുഴയിലെ 'ജനപ്രതിനിധികൾ'
text_fieldsആലപ്പുഴ: വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലയുടെ കലക്ടറായതോടെ 'ജില്ലയിലെ ജനപ്രതിനിധികളായ എം.എൽ.എമാർക്ക് മിണ്ടാട്ടമില്ല. ഒമ്പത് നിയമസഭ മണ്ഡലങ്ങളിൽ ഒരാൾ മാത്രമാണ് യു.ഡി.എഫിന് ഒപ്പമുള്ളത്. ബാക്കിയുള്ളവർ ഇടതുപാളയത്തിലാണ്. അതിനാൽതന്നെ സർക്കാറിന്‍റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനും പ്രതികരിക്കാനുമില്ലെന്നായിരുന്നു പലരുടെയും കമന്‍റ്.
സർക്കാർ തീരുമാനം ശരിയായതുകൊണ്ടാണ് തീരുമാനമെടുത്തതെന്നും പ്രത്യേകിച്ചൊന്നും ഇതേക്കുറിച്ച് പറയാനില്ലെന്നുമായിരുന്നു മുൻ മന്ത്രിയും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാന്‍റെ മറുപടി. ചേർത്തല എം.എൽ.എയും മന്ത്രിയുമായ പി. പ്രസാദിനോട് പ്രതികരണം തേടിയപ്പോൾ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് പറഞ്ഞത്. നിയമനങ്ങൾ നടത്തുന്നതെല്ലാം സർക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലക്ടറെ നിയമിച്ച വിഷയത്തിൽ സി.പി.എം ജില്ല നേതൃത്വത്തിന് വ്യക്തമായ അഭിപ്രായമുണ്ടെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ താൻ ആളല്ലെന്നുമായിരുന്നു അരൂർ എം.എൽ.എ ദലീമ ജോജോയുടെ പ്രതികരണം.
ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജനും അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമും മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാറും വിഷയത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ശ്രീറാം വെങ്കിട്ടരാമൻ നിലവിൽ സർവിസിലുണ്ട്. ഉന്നതമായ പദവികൾ വഹിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണല്ലോ പുതിയ ചുമതല ഏറ്റെടുത്തത്. ഇതിൽ എന്ത് പ്രതികരിക്കാനാണെന്ന് യു. പ്രതിഭ എം.എൽ.എ ചോദിച്ചു.
എൻ.സി.പി പ്രതിനിധിയും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസ് വിഷയത്തിൽ പ്രതികരിച്ചു. ശ്രീറാമിനെ കലക്ടറാക്കിയ സർക്കാർ നടപടിയിൽ തെറ്റില്ല. 2013ൽ ഐ.എ.എസ് പാസായ ആളാണ് ശ്രീറാം. 2016ൽ പാസായവരെ വരെ കലക്ടറാക്കി. പാസാകുന്നവരെ രണ്ടുവർഷം കലക്ടറാക്കുകയെന്നത് നിയമമാണ്. സർക്കാർ നടപടിയിൽ ഒരു തെറ്റുമില്ല. സെക്രട്ടേറിയറ്റിൽ ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നപ്പോൾ പ്രതിഷേധമില്ലായിരുന്നു. കലക്ടറാകുമ്പോൾ മാത്രം പ്രതിഷേധമെന്നത് പ്രതിപക്ഷത്തിന്‍റെ ഇടപെടൽ മാത്രം. തെറ്റ് ചെയ്യാത്തവർ ആരാണ്. നിയമത്തിന്‍റെ മുന്നിൽ തെറ്റുകാരനാണെങ്കിൽ അപ്പോൾ മാറ്റിയാൽ പോരെയെന്നും അദ്ദേഹം ചോദിച്ചു.
കൊലക്കേസിൽ പ്രതിയായ ഒരാളെ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവെച്ചത് എന്തിനാണെന്നും വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് സർക്കാറിനെ അറിയിക്കുമെന്നും ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കലക്ടറായി നിയമിച്ചത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നിയമപരമായി നിയമനം ശരിയാണെങ്കിലും കലക്ടർ പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് പാലിക്കേണ്ട ഔചിത്യം ഉണ്ടായില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ അധികാരമുള്ള കലക്ടർ ജില്ലയിൽ സർക്കാറിന്‍റെ കാവൽക്കാരനാണ്. അതിനാൽ മറ്റ് തസ്തികകൾ പോലെയല്ല കലക്ടർ പദവിയെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

