ശബരിമല സ്വര്‍ണക്കൊള്ളയിൽ ഉണ്ണികൃഷ്ണന് പോറ്റി അറസ്റ്റിൽ
text_fieldsഉണ്ണികൃഷ്ണന് പോറ്റി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കിളിമാനൂർ പുളിമാത്തെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ രഹസ്യകേന്ദ്രത്തിൽ 10 മണിക്കൂറിലേറെ ചോദ്യം ചെയ്തതിനൊടുവിലാണ് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച റാന്നി കോടതിയിൽ ഹാജരാക്കും.
2019ൽ ശബരിമല ശ്രീകോവിലിനിരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിന്‍റെ കട്ടിളയിലെയും പാളികൾ കൊണ്ടുപോയി സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തന്നെ പോറ്റിയുടെ പങ്ക് വ്യക്തമായിരുന്നു. ബുധനാഴ്ച ദേവസ്വം ആസ്ഥാനത്തെത്തി വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ് വ്യാഴാഴ്ച അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്.
തനിക്ക് ലഭിച്ചത് ചെമ്പുപാളികളാണെന്ന് പറഞ്ഞ് ചോദ്യം ചെയ്യലുമായി ആദ്യം വേണ്ടത്ര സഹകരിക്കാതിരുന്ന പോറ്റി അന്വേഷണ സംഘം തെളിവുകൾ നിരത്തിയതോടെ വ്യക്തമായ ഉത്തരങ്ങൾ നൽകിയെന്നാണ് വിവരം. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് രംഗത്തുവന്നതോടെ വീട്ടിലേക്ക് ഫോണ്‍ വിളിക്കാൻ അന്വേഷണ സംഘം അനുവദിച്ചു.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബി. മുരാരി ബാബു, അസിസ്റ്റന്‍റ് എൻജിനീയർ കെ. സുനിൽ കുമാർ, 2019ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു, 2020ൽ വിരമിച്ച മുൻ സെക്രട്ടറി എസ്. ജയശ്രീ, 2021ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ ആർ.ജി. രാധാകൃഷ്ണൻ, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. രാജേന്ദ്രൻ നായർ, 2022ൽ വിരമിച്ച മുൻ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ, 2024ൽ വിരമിച്ച അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്. രാജേന്ദ്ര പ്രസാദ്, 2019ലെ ദേവസ്വം ബോർഡ് തുടങ്ങിയവരാണ് മറ്റുപ്രതികൾ.
ഇതിൽ സർവിസിലുള്ള ബി. മുരാരി ബാബുവിനെയും കെ. സുനിൽകുമാറിനെയും ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വിരമിച്ചവർക്ക് പത്തു ദിവസത്തിനകം വിശദീകരണം നൽകാനാവശ്യപ്പെട്ട് നോട്ടീസും നൽകി. സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയംഗം എ. പത്മകുമാർ, സി.പി.എം പ്രതിനിധി എൻ.വി. ജയകുമാർ, സി.പി.ഐ പ്രതിനിധി കെ.പി. ശങ്കരദാസ് എന്നിവരാണ് പ്രതിചേർത്ത 2019ലെ ബോർഡിന്‍റെ ഭരണസമിതിയിലുണ്ടായിരുന്നത്.
ദേവസ്വം സ്വർണപ്പണിക്കാരനും സംശയനിഴലിൽ; തന്ത്രിയെ ഒഴിവാക്കി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം സ്മിത്തും (സ്വർണപ്പണിക്കാരൻ) സംശയനിഴലിൽ. ചെമ്പും സ്വർണവും വേർതിരിച്ചറിയാൻ കഴിയുന്ന സ്മിത്ത്തന്നെ സ്വർണം പതിച്ച കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി. 2019 മേയ് 18ന് ശ്രീകോവിലിന്‍റെ കട്ടിളപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ മഹസറിലാണ് കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത്. കട്ടിളപ്പാളികൾ അഴിച്ച് കൈമാറിയപ്പോൾ തയാറാക്കിയ മഹസറിൽ ചെമ്പ് പാളികളുടെ എണ്ണവും തൂക്കവും ബോധ്യപ്പെട്ടെന്ന് പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്തി സ്മിത്ത് ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
2019 ജൂലൈ 19, 20 തീയതികളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളും തെക്കും വടക്കും മൂലകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ് തകിടുകളും കൈമാറിയ മഹസറിലും ദേവസ്വം സ്മിത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് എഴുതിയിരുന്നു. ഇതിലും ചെമ്പെന്നായിരുന്നു ചേർത്തിരുന്നത്. എന്നാൽ, സ്മിത്ത് ഒപ്പിട്ടിട്ടില്ലായിരുന്നു. പിന്നീട്, വിജിലൻസ് മൊഴിയെടുത്തപ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് സ്മിത്ത് അറിയിച്ചത്.
അതിനിടെ, ദ്വാരപാലകശിൽപ പാളികൾ സ്വർണം പൂശാൻ 2019ൽ കൊണ്ടുപോകാനായി മഹസർ തയാറാക്കിയപ്പോൾ അന്നത്തെ തന്ത്രിയെ ഒഴിവാക്കി. മഹസറിൽ തന്ത്രിയുടെ പേര് എഴുതിയിട്ടുണ്ടെങ്കിലും ഒപ്പിട്ടിട്ടില്ല. വിജിലൻസ് അന്വേഷണത്തിൽ മഹസർ തയാറാക്കിയ അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ തന്ത്രിയുടെ ഒപ്പ് മനഃപൂർവം വാങ്ങാതിരുന്നതാണെന്ന് കണ്ടെത്തി.
ദ്വാരപാലകരിലും തെക്കും വടക്കും മൂലകളിൽ പൊതിഞ്ഞ ചെമ്പ് തകിടുകളിലും പൂശിയിട്ടുള്ള സ്വർണം മാഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതുതായി സ്വർണം പൂശി വൃത്തിയായി വെക്കാൻ അനുവദിക്കാമെന്നായിരുന്നു തന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഇതിലെ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്ന പരാമശം മറച്ചുവെച്ചായിരുന്നു ഉദ്യോഗസ്ഥർ ചെമ്പുപാളികൾ എന്നുമാത്രം എഴുതിയത്. ഇത് തന്ത്രിയിൽനിന്ന് മറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഒഴിവാക്കി നിർത്തിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

