പിടിയിലായത് പങ്കാളികളെ കൈമാറുന്ന വൻ സംഘം; ഗ്രൂപ്പുകളിലുള്ളത് ആയിരക്കണക്കിന് ദമ്പതികൾ, കേരളത്തിലെ ആദ്യ അറസ്റ്റ്
text_fieldsഅറസ്റ്റിലായ സംഘം
കോട്ടയം: പങ്കാളികളെ കൈമാറുന്ന വൻ സംഘത്തെ കോട്ടയം കുറുകച്ചാലിൽ പൊലീസ് പിടികൂടി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്.
മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഉന്നത ബന്ധങ്ങളിലുള്ളവർ വരെ ഗ്രൂപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.
ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി. പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നവർ വരെ ഗ്രൂപ്പുകളില്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.
ഗ്രൂപ്പില്‍ സജീവമായ 30ഓളം പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
എത്തുന്നത് വിരുന്നിനെന്ന പേരിൽ
പങ്കാളികളെ പരസ്പരം കൈമാറിയിരുന്നത് വിരുന്നിനെന്ന പേരിൽ വീടുകളിലെത്തിയശേഷം. കുട്ടികളടക്കം സകുടുംബം എത്തുന്ന ഇവരെ കുടുംബ സുഹൃത്തുക്കളെന്നാണ് അയൽക്കാരെയടക്കം പരിചയപ്പെടുത്തുന്നത്. അതിനാൽ സംശയത്തിന് ഇടനൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളിൽ ഇത്തരത്തിൽ വിരുന്ന് സംഘടിപ്പിക്കാറുണ്ട്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലുള്ള മറ്റൊരു കുടുംബം എത്തുകയാണ് പതിവ്. ഇതിനിടയിൽ ലൈംഗികബന്ധത്തിന് ഭർത്താക്കൻമാർ തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നൽകുകയാണെന്നും പൊലീസ് പറയുന്നു.
രണ്ടു വർഷത്തിലധിമായി നിലവിൽ കണ്ടെത്തിയ സംഘം സജീവമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനായി പ്രത്യേക മെസഞ്ചർ ഗ്രൂപ് നിലവിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിങ് നടത്തിയാണ് ഗ്രൂപ്പിലേക്ക് കണ്ണികളെ കണ്ടെത്തുന്നതെന്നും പൊലീസ് പറയുന്നു.
സുഹൃദ്ബന്ധം സ്ഥാപിച്ചശേഷം ഇഷ്ടങ്ങളടക്കം ചോദിച്ച് മനസ്സിലാക്കുകയും പിന്നീട് ഇത് രഹസ്യവിവരങ്ങൾ പങ്കുവെക്കുന്ന നിലയിലേക്ക് വളർത്തുകയുമാണ് ചെയ്യുന്നത്. മാസങ്ങളോളം ഈ ബന്ധം തുടർന്നതിനൊടുവിലായി പങ്കാളികളെ പരസ്പരം കൈമാറുന്ന വിവരം അറിയിക്കുകയാണ്.
ഇതിൽ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ രഹസ്യമെസഞ്ചർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. തുടർന്ന് വിഡിയോ കാൾ അടക്കം നടത്തി പരസ്പരം പരിചയപ്പെട്ടതിനൊടുവിലാണ് വിരുന്ന് കുടുംബത്തെ കണ്ടെത്തുന്നത്. വിദേശങ്ങളിലടക്കം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലെ ആദ്യ അറസ്റ്റാണിതെന്നാണ് സൂചന. മറ്റെവിടെയെങ്കിലും ഇത്തരം അറസ്റ്റ് നടന്നതായി അറിവില്ലെന്നാണ് കോട്ടയം പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

