കഞ്ചാവ് കേസിൽ രാവിലെ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയ പ്രതി ഒരു കിലോ കഞ്ചാവുമായി വൈകീട്ട് വീണ്ടും പിടിയിൽ
text_fieldsമലപ്പുറം: കഞ്ചാവ് കേസിൽ രാവിലെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാൾ വൈകീട്ട് വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് സംഭവം. മംഗലം കൂട്ടായി കമ്പളക്കുത്ത് ഉമ്മർകുട്ടി (52) ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ ഏഴോടെ ആലത്തിയൂരിൽവച്ചാണ് ഉമ്മർകുട്ടിയെ ആദ്യം എക്സൈസ് പിടികൂടുന്നത്. സ്‌കൂട്ടറിൽ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. എട്ട് പൊതികളിലായി പോക്കറ്റിലും സ്കൂട്ടറിലും സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും 7500 രൂപയും എക്സൈസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതി വൈകീട്ടോടെ ജാമ്യത്തിലിറങ്ങി.
പ്രതിയെ എക്സൈസ് പിന്തുടരുന്നുണ്ടായിരുന്നു. നിറമരുതൂർ മങ്ങാട് കുമാരൻപടിയിലെ വാടക ക്വാർട്ടേഴ്‌സിൽ പ്രതിയെത്തിയപ്പോൾ ഉദ്യോഗസ്ഥരും പിന്തുടർന്ന് എത്തി. ഇവിടെ നടത്തിയ റെയ്ഡിൽ 1.138 കിലോ കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. പ്രതിക്ക് കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് അന്വേഷണം നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, പ്രിവൻറിവ് ഓഫിസർ അബ്ദുൾ സമദ് തോട്ടാശേരി, സിവിൽ എക്സൈസ് ഓഫിസർ പി.ബി. വിനിഷ്, റിബിഷ്, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

