ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത ആറുപേര്‍ അറസ്റ്റില്‍
text_fieldsകോയമ്പത്തൂര്‍: നഗരത്തിലെ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വെള്ളക്കിണര്‍ നരേഷ് (24), ഭാര്യ അര്‍ച്ചന (23), ഇരുവരുടേയും മാതാപിതാക്കളായ രാമലിംഗം-ബേബി, ബാബു-ഗോമതി എന്നിവരാണ് അറസ്റ്റിലായത്. നരേഷ്-അര്‍ച്ചന ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. കൂലിത്തൊഴിലാളിയായ കോയമ്പത്തൂര്‍ സിംഗാനല്ലൂര്‍ രാജന്‍െറ ഭാര്യ ജ്യോതി(24)യുടെ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ അര്‍ച്ചന ഗര്‍ഭിണിയാണെന്ന വ്യാജേന കഴിയുകയായിരുന്നു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശ്രദ്ധയില്‍പ്പെടാതെ വാര്‍ഡിലും പരിസരത്തും കഴിച്ചുകൂട്ടിയ അര്‍ച്ചന ജ്യോതിയുമായി പരിചയപ്പെട്ടു.
ജ്യോതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണെന്നും മനസ്സിലാക്കി. തുടര്‍ന്നാണ് ജ്യോതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ജ്യോതിയെ ഡോക്ടര്‍ പരിശോധനക്കായി വിളിപ്പിച്ചപ്പോള്‍ കുഞ്ഞിനെ അടുത്തുണ്ടായിരുന്ന അര്‍ച്ചനയെ ഏല്‍പ്പിച്ചു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെയും കുഞ്ഞിനെയും കാണാതായത്. സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് പ്രസവ വാര്‍ഡില്‍നിന്ന് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത് കണ്ടത്. സംഘം ആശുപത്രിക്ക് പുറത്ത് കാള്‍ടാക്സിയില്‍ കയറി പോകുന്നത് ദൃശ്യങ്ങളിലുണ്ട്. ടാക്സി ഡ്രൈവര്‍ അശോക്കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായത്. കുഞ്ഞിനെ പൊലീസ് ജ്യോതിക്ക് കൈമാറി. പ്രസവ വാര്‍ഡില്‍ കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമെന്ന് മെഡിക്കല്‍ കോളജാശുപത്രി ഡീന്‍ എഡ്വിന്‍ ജോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
