കന്യാസ്ത്രീകളുടെ അറസ്റ്റ്; കാസയുടെ നിലപാട് ചർച്ചയാകുന്നു
text_fieldsകൊല്ലം: ഛത്തിസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം പടരുന്നതിനിടെ ക്രിസ്ത്യൻ തീവ്രവാദ സംഘടനയായ കാസയുടെ (ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷൻ) നിലപാട് സഭക്കുള്ളിൽ തന്നെ ചർച്ചയാകുന്നു. ക്രൈസ്തവ പ്രശ്നങ്ങളിൽ തീവ്ര നിലപാടുമായി രംഗത്ത് വരാറുള്ള കാസ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചതായി മാത്രം പറഞ്ഞ് പ്രതികരണത്തിൽ മിതത്വം പുലർത്തുന്നത് അവരെ അനുകൂലിച്ചവരിൽ പോലും എതിർപ്പ് ഉളവാക്കിയിട്ടുണ്ട്.
കാസയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചക്കെത്തിയവർ ആദ്യ ദിവസങ്ങളിൽ കേന്ദ്ര സർക്കാറിനെതിരായ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് പോലും പറഞ്ഞിരുന്നു. ആർ.എസ്.എസ് മോഡൽ ഓർഗനൈസേഷൻ എന്ന് പരസ്യമായി പ്രഖ്യാപിച്ച് അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി നിൽക്കുന്ന കാസയെ ഇക്കാര്യത്തിലെ അഴകൊഴമ്പൻ നിലപാട് വെട്ടിലാക്കുകയാണ്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനും അവർ ലക്ഷ്യമിട്ടിരുന്നു.
കേരളത്തില്‍ ക്രൈസ്തവരിലേക്ക് കടന്നുചെല്ലാൻ ബി.ജെ.പിക്കുള്ള പാലമായാണ് കാസ പ്രവർത്തിക്കുന്നത്. മുസ്ലിം വിരോധം പ്രധാന ആയുധമാക്കിയാണ് അവരുടെ പ്രവർത്തനം. ചില ഓൺലൈൻ ചാനലുകളാണ് അതിനായി അവർ പ്രയോജപ്പെടുത്തുന്നത്. എന്നാല്‍, ബി.ജെ.പി സ്വീകരിച്ച പല ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്ക് വിനയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

