മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായക്കും കത്തയച്ചു. ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരെ ആര്‍.എസ്.എസും സംഘ്പരിവാറും നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് അറസ്റ്റെന്നും കെ.സി ചൂണ്ടിക്കാട്ടി.
പൊതുവിടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നുവെന്ന യാഥാർഥ്യം രാജ്യം കടന്നുപോകുന്ന ഗുരുതര സാഹചര്യം വ്യക്തമാക്കുന്നതാണ്. സ്വന്തം മതത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും പൗരോഹിത്യം അനുവര്‍ത്തിക്കാനും ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അധികാരവും അവകാശവും നല്‍കുന്നുണ്ട്. വേട്ടയാടപ്പെടുന്നവരോടും ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരോടും കോണ്‍ഗ്രസ് ഉപാധികളില്ലാതെ ഐക്യപ്പെടുന്നുവെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ഇടപെടണം -ജോസ് കെ. മാണി
കോട്ടയം: ഛത്തീസ്ഗഢിൽ പൊലീസ് തടവിലാക്കിയ കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
എം.പിയും എം.എൽ.എയും വീട് സന്ദർശിച്ചു
അങ്കമാലി: അറസ്റ്റിലായ അങ്കമാലി എളവൂർ സ്വദേശിനിയായ സിസ്റ്റർ പ്രീതി മേരിയുടെ വീട് ബെന്നി ബഹനാൻ എം.പിയും റോജി എം. ജോൺ എം.എൽ.എയും സന്ദർശിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ ബെന്നി ബഹനാൻ, റോജി എം. ജോൺ എന്നിവരോട് പറഞ്ഞു.
kc venugopal amit shah
തിരുവനന്തപുരം: കന്യാസ്ത്രീകളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ച ഛത്തീസ്ഗഢ് ബി.ജെ.പി സര്‍ക്കാറിന്‍റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ. രാജ്യത്തുടനീളം ബി.ജെ.പിയും സംഘപരിവാരവും നടത്തുന്ന ക്രൈസ്തവവേട്ടയുടെ തുടര്‍ച്ചയാണിതെന്നു സണ്ണി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

