കോഴിക്കോട്: യു.പി പോലിസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പോപുലർ ഫ്രണ്ട് പ്രവർത്തകരായ ഫിറോസ്, അൻഷാദ് ബദറുദ്ദീൻ എന്നിവരെ സന്ദർശിക്കാൻ യു.പിയിലെത്തിയ കടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തത് അന്യായമായ നടപടിയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിൻ്റെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാണ് അന്യായമായി കസ്റ്റഡിയിലെടുത്തത്. കള്ളക്കേസിൽ പെടുത്തി യു.പി സർക്കാർ ജയിലിലടച്ച ഇരുവരേയും ജയിലിൽ സന്ദർശിക്കാനാണ് ഭാര്യയും മക്കളും മാതാപിതാക്കളും ഉൾപ്പടെയുള്ളവർ യു.പിയിലെത്തിയത്. എന്നാൽ യു.പി പോലിസിൻ്റെ പ്രതികാര നടപടിയുടെ ഭാഗമായി കുടുംബാംഗങ്ങൾക്ക് ഇരുവരേയും കാണാനുള്ള അവസരം നിഷേധിക്കുകയും മറ്റൊരു കേസ് കെട്ടിച്ചമച്ച് കുടുംബാംഗങ്ങളേയും തടവിലാക്കാനാണ് യു.പി പോലീസ് ശ്രമിക്കുന്നത്.
അൻഷാദിനെയും ഫിറോസിനെയും ജയിലിൽ സന്ദർശിക്കാൻ കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ യു.പിയിലേക്ക് പോയത്. ആദ്യ ദിവസം തന്നെ ജയിൽ സന്ദർശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ടാം ദിവസം വീണ്ടും സന്ദർശനത്തിന് അനുമതി തേടി പോയപ്പോഴാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന്റെ കാലാവധി കഴിഞ്ഞു എന്നും പറഞ്ഞ് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വ്യാജ കേസുകൾ ചുമത്തി റിമാന്റ് ചെയ്യുകയും ചെയ്തു. തികഞ്ഞ ഗൂഡാലോചന ഈ നീക്കത്തിന് പിന്നിൽ ഉണ്ടെന്ന് വ്യക്തമാണ്. തടവിലാക്കപ്പെട്ടവരെ ബന്ധുക്കൾ കാണുന്നത് പോലും കുറ്റകൃത്യമായി കാണുന്ന വിധം യു.പി സംസ്ഥാനം ഏകാധിപത്യത്തിലാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.