പാൽരാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമിച്ചതെന്ന് എഫ്.ഐ.ആർ
text_fieldsഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതി പാൽരാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവാണ് പാൽരാജ്.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കൈയാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.
മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം പാൽരാജ് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

