ഡിജിറ്റൽ അറസ്റ്റ്: നാല് കോടി തട്ടിയ കേസിൽ പ്രതി അറസ്റ്റില്
text_fieldsഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് 85 കാരനിൽ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ സംഘാംഗം തൃശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിലായി. കോണത്തുകുന്ന് സ്വദേശിയിൽ നിന്ന് പണം തട്ടിയ മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടിൽ റഷീക് രാജയെയാണ് (26) പാണ്ടിക്കാട്ട് നിന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പണത്തിലുൾപ്പെട്ട 7,99,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ച് വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി കമീഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്തു. 2025 സെപ്റ്റംബർ 9 മുതൽ 2026 ജനുവരി ഒന്ന് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലുൾപ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പ്രതികൾ വാട്സാപ്പ് കോളിലൂടെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കണമെന്നും, പ്രതികളുടെ അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 4,11,65,206 രൂപയാണ് സംഘം കൈക്കലാക്കിയത്. തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ. റഫീഖ്, സൈബർ സ്റ്റേഷൻ എസ്.ഐ മാരായ കെ.വി ജസ്റ്റിൻ, പി.എസ് സുജിത്ത്, സി.പി.ഒമാരായ ടി.പി ശ്രീനാഥ്, ശബരിനാഥ്, അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

