സി.പി.ഐയിൽ വിഭാഗീയത: കടയ്ക്കലിൽ 700ഓളം പ്രവർത്തകർ രാജിവെച്ചു
text_fieldsകടയ്ക്കൽ(കൊല്ലം): മണ്ഡലത്തിൽ 700ഓളം പ്രവർത്തകർ സി.പി.ഐയിൽനിന്ന് രാജിവെച്ചു. പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിലാണ് മുതിർന്ന നേതാവ് ജെ.സി. അനിലിന്‍റെ നേതൃത്വത്തിൽ കൂട്ടരാജി.
പാർട്ടി ജില്ല കൗൺസിൽ അംഗം, കടയ്ക്കൽ മണ്ഡലം സെക്രട്ടറി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്, സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ജെ.സി. അനിൽ, മണ്ഡലം അസി. സെക്രട്ടറിയും കടയ്ക്കൽ സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ പി. പ്രതാപൻ, അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കണ്ണൻകോട് സുധാകരൻ, കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും പാർട്ടി മണ്ഡലം കമ്മിറ്റി അംഗവുമായി ജി.എസ്. പ്രജിലാൽ, മണ്ഡലം കമ്മിറ്റി അംഗവും കടയ്ക്കൽ ഗ്രാമപഞ്ചായത്തംഗവുമായ വി. ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ സുധിൻ കടയ്ക്കൽ, കേരള മഹിള സംഘം മണ്ഡലം സെക്രട്ടറിയും കുമ്മിൾ ഗ്രാമപഞ്ചായത്തംഗവുമായ പി. രജിതകുമാരി, മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുമായ ഇ.വി. ജയപാലൻ, ആർ. രമേശ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.പി. ജസിൻ, കെ. ഓമനക്കുട്ടൻ, മണ്ഡലം കമ്മിറ്റി മുൻ അംഗം പി.ജി. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടിവിട്ടത്.
കടയ്ക്കൽ, ഇട്ടിവ, കുമ്മിൾ, ചിതറ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബാംഗങ്ങൾ രാജിവെച്ചു. 40 ഓളം ബ്രാഞ്ച് കമ്മിറ്റികൾ പ്രവർത്തനം അവസാനിപ്പിച്ചു.
രണ്ടുവർഷമായി മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടന പ്രശ്നങ്ങളിൽ ജില്ല നേതൃത്വം സ്വീകരിച്ച വിഭാഗീയത സമീപനമാണ് കൂട്ടരാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചടയമംഗലം നിയോജക മണ്ഡലത്തിലെ സീറ്റ് ലക്ഷ്യമിട്ട് ജില്ല നേതൃത്വത്തിലെ ഒരാൾ നടത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.
തുടയന്നൂർ സർവിസ് സഹകരണ ബാങ്കിൽ ആറ് കോടിയുടെ തട്ടിപ്പ് എന്ന വ്യാജ ആരോപണമുയർന്നിരുന്നു. ഇതേ സാമ്പത്തിക വർഷം ബാങ്ക് രണ്ട് കോടിയിലധികം ലാഭത്തിലായിരുന്നു. വ്യാജവാർത്ത നൽകിയവർക്കെതിരെ നടപടിയുണ്ടായില്ല. ജെ.സി. അനിലിനെതിരെ ആത്മഹത്യപ്രേരണ ആരോപിച്ച് വാർത്തസമ്മേളനം നടത്തിയതിന് പിന്നിൽ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറിയാണെന്ന് ആരോപണമുയർന്നിട്ടും ജില്ല സെക്രട്ടറി അന്വേഷിക്കാൻ തയാറായിട്ടില്ല. മണ്ഡലം സമ്മേളനം പിടിച്ചെടുക്കാൻ നടത്തിയ വിഭാഗീയ പ്രവർത്തനങ്ങൾ പരിഹരിക്കാൻ ജില്ല, സംസ്ഥാന കമ്മിറ്റികൾ ഇടപെട്ടില്ലെന്നും ആരോപിച്ചു.
രാജിവെച്ചവർ ഭാവി പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. വിവിധ രാഷ്ട്രീയ നേതാക്കളുമായി ചർച്ചകൾ നടത്തിയെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

