അത്രമേൽ സങ്കടങ്ങളിലൂടെ ആരോമലിന്റെ സഹനയാത്ര
text_fieldsആരോമൽ മാതാവിനും പിതാവിനുമൊപ്പം (ഫയൽ ചിത്രം)
ചാരുംമൂട്/ആലപ്പുഴ: വേദനകളൊന്നും മായില്ലെങ്കിലും ആരോമൽ അതിജീവനത്തിന്റെ പാതയിലാണ്. സെറിബ്രൽ പാൾസി രോഗബാധിതനായ ആദിക്കാട്ടുകുളങ്ങര ബിന്ദു ഭവനത്തിൽ ആരോമൽ കൃഷ്ണൻ (16) രണ്ടാം ജൻമത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
കഴിഞ്ഞ നവംബർ 15 നായിരുന്നു പിതാവ് സതീഷ് ആരോമലിനു വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഈ സമയം വീട്ടിലെത്തിയ മാതാവ് ബിന്ദുവും നാട്ടുകാരും ചേർന്ന് സതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീടുള്ള ദിനങ്ങൾ ആരോമലിന് കയ്പേറിയതായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലും അടൂർ സർക്കാർ ആശുപത്രിയിലുമായി നീണ്ട ചികിത്സക്ക് ശേഷമാണ് ജീവൻ തിരിച്ചുകിട്ടി കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്.തണ്ടാനുവിള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന ആരോമൽ ഇനിയും സ്കൂളിൽ പോയി തുടങ്ങിയിട്ടില്ല. പാട്ടുകൾ കേൾക്കുന്നതാണ് ആരോമലിന്റെ ഇഷ്ടം. നടക്കാൻ കഴിയാത്ത ആരോമലിനെ ആഴ്ചയിൽ രണ്ടു തവണ ഫിസിയോ തെറപ്പിക്ക് വിധേയനാക്കിയിരുന്നു. കോവിഡിന് ശേഷം അതിന് കഴിഞ്ഞിട്ടില്ലെന്ന് അമ്മ പറയുന്നു.
തലച്ചോറിൽ നിന്നും വെള്ളം വരുന്ന രോഗമുള്ള ബിന്ദു കഴിഞ്ഞ മൂന്ന് വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ് ടു പഠനം കഴിഞ്ഞ അനന്തു കൃഷ്ണനാണ് സഹോദരൻ. അനന്തുവിനെ തുടർന്ന് പഠിപ്പിക്കാനും നിവൃത്തിയില്ല. ഭിന്നശേഷിക്കാർക്ക് പ്രതിമാസം നൽകുന്ന 1600 രൂപയാണ് ഇവർക്ക് ലഭിക്കുന്ന ഏക സഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

