Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി താൽപര്യം നടപ്പാക്കി ആർലേക്കർ പടിയിറങ്ങുന്നു

text_fields
bookmark_border
വി.സി നിയമനം, ഡീൻ, അക്കാദമിക് കൗൺസിൽ, സിൻഡിക്കേറ്റ്, സെനറ്റ്, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയവയിലേക്കുള്ള നാമനിർദേശം എന്നിവയിലെല്ലാം ഗവർണർ പരസ്യമായി ഇടപെട്ടു
ബി.ജെ.പി താൽപര്യം നടപ്പാക്കി ആർലേക്കർ പടിയിറങ്ങുന്നു
cancel

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ് താൽപര്യങ്ങൾ ലോക്ഭവൻ വഴി നടപ്പാക്കുന്ന വ്യവസ്ഥാപിത രീതിക്ക് തുടക്കമിട്ടാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യാഴാഴ്ച പടിയിറങ്ങുന്നത്. ഗവർണറെന്ന നിലയിൽ ഇടപെടാൻ കഴിയുന്ന മേഖലകളിലെല്ലാം അദ്ദേഹം ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്‍റെ താൽപര്യങ്ങൾ പരസ്യമായി നടപ്പാക്കി. ഇദ്ദേഹത്തിന് മുമ്പ് ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും ബി.ജെ.പി താൽപര്യങ്ങൾക്കനുസൃതമായാണ് പ്രവർത്തിച്ചതെങ്കിലും മിക്കതും അന്നത്തെ സർക്കാർ പ്രതിരോധത്തിൽ പാളിപ്പോയിരുന്നു.

എന്നാൽ, സർക്കാറുമായി പലതവണ ഏറ്റുമുട്ടിയെങ്കിലും ബി.ജെ.പി താൽപര്യങ്ങൾ സാധ്യമാകുന്ന മേഖലകളിലെല്ലാം ആർലേക്കർ നടപ്പാക്കി. ലോക്ഭവനിൽ നടക്കുന്ന ചടങ്ങുകളിലെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചതിലാണ് പ്രധാന ഏറ്റുമുട്ടലുണ്ടായത്.

ചാൻസലർ പദവി ഉപയോഗിച്ച് സർവകലാശാലകളിൽ സംഘ്പരിവാർ താൽപര്യങ്ങൾ നടപ്പാക്കുന്നതിൽ രാജേന്ദ്ര ആർലേക്കർ ഒരുമടിയും കാണിച്ചില്ല. സർവകലാശാല വി.സി നിയമനം, ഡീൻ, അക്കാദമിക് കൗൺസിൽ, സിൻഡിക്കേറ്റ്, സെനറ്റ്, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയവയിലേക്കുള്ള നാമനിർദേശം എന്നിവയിലെല്ലാം ഗവർണർ പരസ്യമായി ഇടപെട്ടു.

എം.ജി സർവകലാശാലയിൽ താൽക്കാലിക വി.സിയായി ബി.ജെ.പി നോമിനിയെ നിയമിച്ചത് വിവാദമാവുകയും യു.ഡി.എഫ് സർക്കാർ ഇടപെടാതിരുന്നത് വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. സ്ഥിരം വി.സി നിയമനം സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ സ്തംഭിച്ചതോടെ മിക്ക സർവകലാശാലകളിലും ഗവർണർ താൽക്കാലിക വി.സിമാരെ നിയമിച്ചു. വി.സിമാരെയെല്ലാം ലോക്ഭവൻ നിയന്ത്രണത്തിലാക്കുകയായിരുന്നു രാജേന്ദ്ര ആർലേക്കർ.

ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിൽ എൽ.ഡി.എഫ് സർക്കാറുമായി ഇടഞ്ഞ ഗവർണർ സുപ്രീംകോടതിയിലെത്തുകയും ഒടുവിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി അനുരഞ്ജന ചർച്ച നടത്തി കെ.ടി.യുവിൽ തന്‍റെ നോമിനി ഡോ. സിസ തോമസിനെ വി.സിക്കുകയും ചെയ്തു.

എൽ.ഡി.എഫ് സർക്കാറിനെ അവഗണിച്ച് സ്വന്തം നിലക്ക് വിജ്ഞാപനം പുറത്തിറക്കി കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം വി.സിയായി ഡോ. പി. രവീന്ദ്രനെ ഗവർണർ നേരിട്ട് നിയമിക്കുകയായിരുന്നു. വി.സി പദവി ഒഴിഞ്ഞുകിടക്കുന്നിടങ്ങളിൽ പുതിയ നിയമനത്തിന് ലോക്ഭവനിൽ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ആർലേക്കർ പദവി ഒഴിഞ്ഞ് തമിഴ്നാട് ഗവർണറാകുന്നത്. പകരം എത്തുന്ന ഗവർണർ ഓം പ്രകാശ് മാഥുറും രാജേന്ദ്ര ആർലേക്കറെ പോലെ ബി.ജെ.പി-ആർ.എസ്.എസ് പശ്ചാത്തലമുള്ളയാളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arlekar exits after pushing BJP interests
Next Story