Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാർ കോഴ വിവാദം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന് അർജുൻ രാധാകൃഷ്ണന്‍

text_fields
bookmark_border
'ബാറുടമകളുടെ അസോസിയേഷൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല'
Arjun Radhakrishnan
cancel

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് നോട്ടീസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എൽ.എയുടെ മകൻ അർജുൻ രാധാകൃഷ്ണൻ. ബാർകോഴ വിവാദം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന് അർജുൻ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

ഒരു അസോസിയേഷനിലും താൻ അംഗമല്ല. ബാറുടമകളുടെ അസോസിയേഷൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമല്ല. ഭാര്യാപിതാവിന് ബാറുണ്ട്. അഞ്ചര വര്‍ഷം മുന്‍പ് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ നമ്പറാകാം വാട്ട്സ് ആപ്പ് ഗ്രൂപ്പിലുള്ളത്. അല്ലാതെ കോഴവിവാദവുമായി ബന്ധമില്ല.

താൻ ഉപയോഗിക്കുന്ന ഔദ്യോഗിക നമ്പറോ, സ്വകാര്യ നമ്പറോ അതിലില്ല. പിരിച്ചുവെന്ന് പറയുന്ന പണം എവിടെയാണെന്നോ, ആര് പിരിച്ചെന്നോ പൊലീസ് അന്വേഷിക്കട്ടെ എന്നും തനിക്കതില്‍ പങ്കില്ലെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കിയിലെ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ജവഹർനഗർ ഓഫീസിൽ എത്തണമെന്നാണ് ക്രൈംബ്രാഞ്ച് നിർദേശം.

തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാൻ അർജുൻ തയാറായില്ല. തന്‍റെ പേരിൽ ബാറുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നിരസിച്ചത്. ഇതേതുടർന്ന് ഇമെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്.

അർജുൻ രാധാകൃഷ്ണന്‍റെ ഭാര്യാപിതാവ് ബാറുടമയാണ്. നിലവിൽ അർജുൻ അഡ്മിനല്ലെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ''ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്'' ശബ്ദ സന്ദേശത്തിൽ പറയുന്നത്.

ഒരു ബാർ ഹോട്ടലുകാരിൽ നിന്ന്‌ രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശന നിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.

യു.ഡി.എഫ് ഭരണകാലത്തെ ബാർ കോഴ വിവാദം അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയിലാണ് കലാശിച്ചത്. ബാറുകൾ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്നായിരുന്നു ബാറുടമ ബിജു രമേശിന്‍റെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arjun Radhakrishnan react to crime branch notice in Bar Scam
Next Story