സി.പി.എമ്മിന് സ്ലീപ്പർ സെല്ലുണ്ടെന്ന് പ്രശാന്ത് ശിവനോട് അർജുൻ ആയങ്കി; 'ഭരണത്തിൽ ആയതുകൊണ്ട് നല്ലനടപ്പിൽ നീങ്ങുന്നു'
text_fieldsകോഴിക്കോട്: ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി അർജുൻ ആയങ്കി. മോഹൻലാലിന്റേത് പോലെ സ്ലീപ്പർ സെൽ ഫാൻസ് സി.പി.എമ്മിനുമുണ്ടെന്ന് അർജുൻ ആയങ്കി പറഞ്ഞു. തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയേറ്ററിൽ ഇരച്ചുകയറും അങ്ങനൊരു പ്രതിഭാസം മോഹൻലാലിനുണ്ട്. അങ്ങനൊരു പ്രതിഭാസം സി.പി.എമ്മിനുമുണ്ട്.
ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും.
ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ലെന്നും അർജുൻ ആയങ്കി പറഞ്ഞു.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് നേരത്തെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തിരുന്നു. രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവും കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച രണ്ടരക്കിലോ സ്വർണവും തമ്മിലുള്ള ചങ്ങലക്കൊളുത്താണ് അർജുൻ ആയങ്കിയെന്നായിരുന്നു അന്നത്തെ കസ്റ്റംസ് വിശദീകരണം.
അതേസമയം, ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായുള്ള കയ്യാങ്കളിയിൽ പ്രതികരണവുമായി എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കഴിഞ്ഞ ദിവസം ചാനൽ പരിപാടിക്കിടെ ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളി അടിയുടെ വക്കോളമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയതീരുമാനമാണെന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. ചാനൽ സംവാദത്തിനിടെ സി.പി.എം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്.
പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ എഴുന്നേറ്റതോടെ ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം പ്രവർത്തകരെ പിടിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

